
കൊൽക്കത്ത: ആർഎസ്എസിനെ വെറുമൊരു രാഷ്ട്രീയ കണ്ണടയിലൂടെ മാത്രം താരതമ്യം ചെയ്തു നോക്കിക്കാണുന്നത് സംഘടനയെ തെറ്റായി മനസിലാക്കാൻ ഇടയാക്കുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെ ബിജെപിയെ വച്ച് മാത്രം തട്ടിച്ചു നോക്കുന്ന പ്രവണത പലർക്കുമുണ്ട്. ഇത് വലിയ തെറ്റാണെന്നാണ് അദ്ദഹം വ്യക്തമാക്കുന്നത്
സംഘടനയെ മറ്റ് സേവന സംഘടനകളുമായോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായോ താരതമ്യം ചെയ്യുന്നത് തെറ്റിദ്ധാരണകൾക്ക് കാരണമാകും. ആർഎസ്എസിനെ അതിന്റെ യഥാർത്ഥ ലക്ഷ്യങ്ങളിലൂടെ വേണം മനസിലാക്കാൻ. ധാർമ്മിക മൂല്യങ്ങളുള്ള, സമൂഹത്തോട് പ്രതിബദ്ധതയുള്ള വ്യക്തികളെ വാർത്തെടുക്കുക എന്നതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം. സ്വാർത്ഥത തൊട്ടു തീണ്ടാത്ത ഇത്തരം വ്യക്തികളാണ് രാജ്യത്തിന്റെ അഭിമാനവും വികസനവും ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പുരോഗതിക്കും സനാതന സാംസ്‌കാരിക മൂല്യങ്ങൾ മുറുകെ പിടിക്കേണ്ടതും സ്വയംപര്യാപ്തത കൈവരിക്കേണ്ടതും അത്യാവശ്യമാണെന്ന് യുവാക്കളുമായുള്ള സംവാദത്തിൽ അദ്ദേഹം പറഞ്ഞു.
സംഘം രൂപീകൃതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ സിലിഗുരി അടക്കമുള്ള വിവിധ ഇടങ്ങളിൽ വിപുലമായ പരിപാടികളാണ് നടക്കുന്നത്. സിലിഗുരിയിൽ നടന്ന പ്രബുദ്ധ നാഗരിക് സമ്മേളനത്തിൽ സിക്കിം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും പ്രമുഖ വ്യക്തികൾ പങ്കെടുത്തു. നൂറു വർഷത്തെ സംഘത്തിന്റെ പ്രയാണത്തെക്കുറിച്ചും സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുന്നതിനെക്കുറിച്ചും വിവിധ സെഷനുകളിൽ ചർച്ചകൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |