മുംബയ്: കനത്ത മഴ തുടരുന്ന മുംബയിൽ ദുരിതത്തിലായി മോണോ റെയിൽ യാത്രക്കാരും. മൂന്ന് മണിക്കൂറോളമായി വൈദ്യുതിബന്ധം നഷ്‌ടമായതിനെ തുടർന്ന് മോണോ റെയിൽ നിശ്ചലമായി. മൈസൂർ കോളനി സ്റ്റേഷന് സമീപത്തുവച്ചാണ് സംഭവമുണ്ടായത്. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് യാത്രക്കാരെ പുറത്തിറക്കിത്തുടങ്ങി.
തുടർച്ചയായ മൂന്നാം ദിവസമായ ഇന്നും മുംബയ് നഗരത്തിൽ മഴ കനത്തിരിക്കുകയാണ്. നഗരത്തിന്റെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. രക്ഷാപ്രവർത്തകർ എത്തി മോണോ റെയിൽ കോച്ചുകൾ അടുത്തുള്ള സ്‌റ്റേഷനിൽ വടം ഉപയോഗിച്ച് കെട്ടിവലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രേക്കുകൾ ജാം ആയതിനാലാണിത്. രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നെന്ന് മുംബൈ മെട്രോപോളിറ്റൻ ഡെവലപ്പ്മെന്റ് അതോറിട്ടി ജോയിന്റ് കമ്മീഷണർ അസ്തിക് പാണ്ഡ്യ പറഞ്ഞു.
മോണോ റെയിലിന്റെ ഭാരം 109 മെട്രിക് ടണാണ്. പ്രധാന റോഡുകളടക്കം വെള്ളക്കെട്ടിലായതിനാൽ ഈ സമയം വൻ ജനത്തിരക്ക് ഉണ്ടായിരുന്നു. ഇതുകാരണം യന്ത്ര തകരാർ സംഭവിക്കുകയുമായിരുന്നു. ഈ സമയം അടിയന്തര സമയങ്ങളിൽ പ്രവർത്തിക്കുന്ന ബ്രേക്കിംഗ് സംവിധാനം ഓൺ ആയതിനാലാണ് ജാം ആയത്.
ചെമ്പൂർ മുതൽ ബക്തി പാർക്ക് വരെയുള്ള മോണോ റെയിൽ സർവീസ് ഇതോടെ വൈകുന്നേരം 6:15 മുതൽ നിർത്തിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ മുംബയ് നഗരത്തിലെ റോഡ്, റെയിൽ, വ്യോമ ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയ് നഗരത്തിൽ 54 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയിരുന്നത്.
കിഴക്കൻ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ യഥാക്രമം 72 മില്ലീമീറ്ററും 65 മില്ലീമീറ്ററും മഴ ലഭിച്ചു. മുംബയിലും റായ്ഗഡ്, രത്നഗിരി, സത്താറ, കോലാപൂർ, പൂനെ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ടും പുറപ്പെടുവിച്ചു. ബ്രിഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |