റായ്‌പൂർ: കോൺഗ്രസ് പ്രവർത്തകസമിതിയിൽ മുൻ അദ്ധ്യക്ഷൻമാരടക്കം ആറ് സ്ഥിരാംഗങ്ങളെ ഉൾപ്പെടുത്തി എണ്ണം 35 ആക്കുന്നതടക്കം 85 ഭരണഘടനാ ഭേദഗതികൾ റായ്‌പൂർ പ്ളീനറിയിൽ അവതരിപ്പിച്ചു.
ബൂത്ത് തലം മുതൽ പ്രവർത്തക സമിതി വരെയുള്ള ഭാരവാഹികളിൽ പകുതി 50 വയസിൽ താഴെയുള്ളവർക്കും വനിതകൾക്കും പകുതി പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും സംവരണം ചെയ്യുന്ന പ്രധാന ഭേദഗതിയുമുണ്ട്.
പാർട്ടി പ്രവർത്തകർ മദ്യം ഉപയോഗിക്കരുതെന്ന ആർട്ടിക്കിൾ 5(ബി)(സി) ഭരണഘടന വ്യവസ്ഥ ഭേദഗതി ചെയ്ത് ലഹരി വസ്തുക്കൾ ഉപയോഗിക്കരുത് എന്നാക്കി.
പ്രവർത്തക സമിതി ഇങ്ങനെ:
നിലവിൽ: 23+ സ്ഥിരാംഗത്വം: അദ്ധ്യക്ഷൻ, പാർലമെന്ററി പാർട്ടി നേതാവ്
ഭേദഗതിക്ക് ശേഷം: 35 അംഗങ്ങൾ+ സ്ഥിരാംഗങ്ങളായ അദ്ധ്യക്ഷൻ, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രി(മാർ), മുൻ അദ്ധ്യക്ഷൻ(മാർ), പാർലമെന്ററി പാർട്ടി നേതാവ്, രാജ്യസഭാ-ലോക്‌സഭാ പ്രതിപക്ഷ നേതാക്കൾ. 35ൽ 18 പേർ തിരഞ്ഞെടുക്കപ്പെടുന്നവർ. ആറുപേർ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ,യുവ(50വയസിൽ താഴെ) വിഭാഗത്തിൽ നിന്ന്.
17 പേരെ നാമനിർദ്ദേശം ചെയ്യും. ഇതിലും സംവരണ മാനദണ്ഡം പാലിക്കണം.
സംവരണം ഇങ്ങനെ
സമിതികളിൽ പകുതി അംഗങ്ങൾ പട്ടിക, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് . ഇതിൽ 25ശതമാനം പട്ടിക വിഭാഗത്തിനും 25ശതമാനം ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾക്കും
സമിതികളിൽ പകുതി അംഗങ്ങളും വനിതകളും 50വയസിന് താഴെയുള്ളവർ. 50 ശതമാനം ജാതി സംവരണം നൽകുമ്പോഴും പകുതി പേർ 50വയസിന് താഴെയുള്ളവരും വനിതകളുമായിരിക്കും
മറ്റ് പ്രധാന ഭേദഗതികൾ
മുൻ മുഖ്യമന്ത്രിമാർ, നിയമസഭാ കക്ഷി നേതാവ്, മുൻ പി.സി.സി അദ്ധ്യക്ഷൻ എന്നിവർ പി.സി.സി പ്രതിനിധിയാകും
ഓരോ ആറ് പി.സി.സി പ്രതിനിധിക്കും ഒരു എ.ഐ.സി.സി പ്രതിനിധി. ഇത്രയും കാലം എട്ട് പി.സി.സി പ്രതിനിധികൾക്ക് ഒരു എ.ഐ.സി.സി പ്രതിനിധി എന്നായിരുന്നു
ഇതോടെ തിരഞ്ഞെടുക്കപ്പെടുന്ന എ.ഐ.സി.സി അംഗങ്ങൾ 1240ൽ നിന്ന് 1653 ആകും
തിരഞ്ഞെടുക്കപ്പെടുന്ന എ.ഐ.സി.സി അംഗങ്ങളുടെ 25 ശതമാനമാകും ഇനിമുതൽ നാമനിർദ്ദേശം ചെയ്യപ്പെടുക. നിലവിലിത് 15ശതമാനം
പഞ്ചായത്ത്-ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കിടയിൽ പുതിയ ഇന്റർമീഡിയറ്റ് ഭരണസമിതി. മണ്ഡൽ, ജൻപഥ്, ഗ്രാമീൺ കമ്മിറ്റി എന്നിവയിൽ ഏതെങ്കിലും പേര് നൽകും
2025 ജനുവരി ഒന്നു മുതൽ അംഗത്വം, തിരഞ്ഞെടുപ്പ് അടക്കം പാർട്ടിയുടെ എല്ലാ നടപടിക്രമങ്ങളും കടലാസ് രഹിതമാകും. എല്ലാ അംഗത്വ രേഖകളും ഡിജിറ്റലൈസ് ചെയ്യും
പി.സി.സി തലത്തിൽ രാഷ്‌ട്രീയകാര്യ സമിതി. പ്രാഥമികാംഗത്വ ഫീ അഞ്ചിൽ നിന്ന് 10 രൂപയാക്കി. എ.ഐ.സി.സി, പി.സി.സി, ഡി.സി.സി പ്രതിനിധി ഫീസുകളിലും വർദ്ധന
അംഗത്വ ഫോമിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനും അമ്മയുടെയും ജീവിത പങ്കാളിയുടെയും പേരിനും പ്രത്യേക കോളം
പുതിയ പ്രവർത്തക സമിതി
പുതിയ സമിതിയിൽ അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, മുൻ അദ്ധ്യക്ഷൻമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ലോക്‌സഭാ നേതാവ് ആദിർ രഞ്ജൻ ചൗധരി എന്നിവർ സ്ഥിരാംഗങ്ങളാകും. ദളിത് സംവരണമുള്ളത് കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കൊടിക്കുന്നിൽ സുരേഷിന് അനുകൂലമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |