ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ ട്രോളുകളിൽ നടപടി ആവശ്യപ്പെട്ട് 13 പ്രതിപക്ഷ എം.പിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. ട്രോളുകൾ വളരെ ആസൂത്രിതമാണെന്നും ഇതിൽ ഭരണകക്ഷിക്ക് പങ്കുണ്ടെന്നും കത്തിൽ ആരോപിക്കുന്നു. മഹാരാഷ്ടയിലെ ഭരണകക്ഷിയുടെ താത്പര്യങ്ങളോട് അനുഭാവം പുലർത്തുന്നവരാണ് ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം അഴിച്ചു വിടുന്നത്. മഹാരാഷ്ട്രയിലെ അധികാര തർക്കം സംബന്ധിച്ച വിഷയം ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് പരിഗണിച്ചു തുടങ്ങിയതിന് ശേഷമാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ പ്രചരിക്കുന്നതെന്നും കത്തിൽ പറയുന്നു.
ട്രോളുകളിലെ വാക്കുകളും ഉള്ളടക്കവും മോശവും അപലപനീയവുമാണ്. ലക്ഷക്കണക്കിനാളുകളാണ് ഈ ട്രോളുകൾ കണ്ടത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചാൽ മാത്രമെ ഇത്തരം നിന്ദ്യമായ ആക്രമണം നടക്കു. ഇന്ത്യൻ ജുഡിഷ്യറിയുടെ അന്തസ് സംരക്ഷിക്കാൻ ഭരണാധികാരികൾ ബാധ്യസ്ഥരാണ്.
നീതിന്യായ വ്യവസ്ഥയിലെ ഇടപെടലാണിത്. ഇതിനെതിരെ പ്രവർത്തിച്ചവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. ഡൽഹി പൊലീസ് അന്വേഷണം നടത്തണം. ട്രോളുകൾ പ്രചരിപ്പിച്ച അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനും കോൺഗ്രസ് എം.പിയുമായ വിവേക് തൻഖ എഴുതിയ കത്തിൽ ദിഗ് വിജയ് സിംഗ്, ശക്തി സിൻഹ് ഗോപിൽ, പ്രമോദ് തിവാരി, അമേ യാഗ്‌നിക്, രഞ്ജിത് രഞ്ജൻ, ഇമ്രാൻ പ്രതാപ്ഗർഹി(കോൺഗ്രസ്), രാഘവ് ഛദ്ദ(എ.എ.പി), പ്രിയങ്ക ചതുർവേദി(ശിവസേന - ഉദ്ധവ്) തുടങ്ങിയ എം.പിമാരാണ് ഒപ്പിട്ടത്. എസ്.പി അംഗങ്ങളായ രാം ഗോപാൽ യാദവും ജയ ബച്ചനും ഇതേ വിഷയത്തിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്ക് കത്തെഴുതി.
2021 നവംബർ 26ന് ഭരണഘടന ദിനത്തിൽ സംസാരിച്ച മുൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ സമൂഹ മാദ്ധ്യമങ്ങളിലൂടെ ജുഡിഷ്യറിക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സൈബർ ആക്രമണങ്ങൾ പ്രത്യേക ലക്ഷ്യത്തോടെയുള്ള സ്പോൺസേഡ് പദ്ധതിയാണെന്നും കേന്ദ്ര ഏജൻസികൾ ഫലപ്രദമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത്തരം സൈബർ ആക്രമണങ്ങൾ തടയാൻ നിയമനിർമ്മാണം വേണമെന്നാവശ്യപ്പെട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കത്തെഴുതിയിരുന്നു. എന്നാൽ സമൂഹ മാദ്ധ്യമത്തിലൂടെ ജഡ്ജിമാർക്കെതിരായി നടത്തുന്ന വിമർശനം നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം പ്രായോഗികമല്ലെന്ന് റിജിജു അന്ന് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |