ഷിംല: സമൂസയാണ് ഇപ്പോൾ ഹിമാചൽ പ്രദേശിനെ ഇളക്കിമറിക്കുന്നത്.
മുഖ്യമന്ത്രിക്കായി കരുതിയ സമൂസ കാണാതായ സംഭവത്തിൽ സി.ഐ.ഡി അന്വേഷണം പ്രഖ്യാപിച്ചതോടെ സംഭവം ചർച്ചയായി.
സർക്കാർ വിരുദ്ധ നീക്കമാണെന്ന് വ്യക്തമാക്കിയാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.അന്വേഷണം ഇല്ലെന്നും ബോക്സുകൾക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ലക്ഷ്യം മാത്രമേ ഉള്ളുയെന്നും അധികൃതർ പറയുന്നു. പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തിയതോടെ മൊത്തം സമൂസ മയം.
ഒക്ടോബർ 21നാണ് സംഭവം. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവി ഒരു യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി പങ്കെടുക്കുന്നത് സംബന്ധിച്ച് മൂന്ന് ബോക്സ് സമൂസകളാണ് ഓർഡർ ചെയ്തിരുന്നത്. എന്നാൽ മുഖ്യമന്ത്രിക്കു നൽകാനായി നോക്കിയപ്പോൾ ഒരെണ്ണം പോലും ഇല്ല. ഇതോടെ ഉദ്യോഗസ്ഥർ പെട്ടു.
സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ വിരുദ്ധ നീക്കമാണിതെന്നും ചൂണ്ടിക്കാട്ടി സി.ഐ.ഡി വിഭാഗം രംഗത്തെത്തി. അന്വേഷണവും ആരംഭിച്ചു. അഞ്ച് പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മുഖ്യമന്ത്രിക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങാൻ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ സബ് ഇൻസ്‌പെക്ടറോട് ആവശ്യപ്പെട്ടു. എസ്.ഐ അത് എ.എസ്.ഐയെയും ഹെഡ് കോൺസ്റ്റബിളിനെയും ഏൽപ്പിച്ചു. ഇവർ മൂന്ന് ബോക്സ് സമൂസ കൊണ്ടുവരികയും എസ്.ഐയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എ.എസ്.ഐയും ഹെഡ് കോൺസ്റ്റബിളും സമൂസ ഒരു വനിത പൊലീസ് ഇൻസ്‌പെക്ടറെയാണ് ഏൽപ്പിച്ചത്. ഇവർ ഇത് മെക്കാനിക്കൽ ട്രാസ്‌പോർട്ട് വിഭാഗത്തിലുള്ളവർക്ക് വിതരണം ചെയ്‌തു.
പല കൈ മാറിമറിഞ്ഞാണ് സമൂസ പോയത്. ഡ്യൂട്ടിയിലുള്ള ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ സമൂസ മെനുവിൽ ഇല്ലെന്ന് പറഞ്ഞുവെന്നായിരുന്നു മറുപടി.
മുഖ്യമന്ത്രിക്കുള്ളതായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഇത് ഒരു സർക്കാർ വിരുദ്ധ പ്രവർത്തനമാണ് എന്നാണ് സി.ഐ.ഡി ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇതോടെ വിഷയത്തിൽ പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. കോൺഗ്രസിനു താത്പര്യം മുഖ്യമന്ത്രിയുടെ സമൂസയിൽ മാത്രമാണ് വികസനത്തിൽ അല്ല എന്ന് പരിഹാസമുയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |