ന്യൂഡൽഹി: പൂനയിലെ പിംപ്രി ചിഞ്ചവാദിൽ 73കാരൻ എച്ച് 3 എൻ 2 വൈറസ് ബാധയെ തുടർന്ന് മരിച്ചതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. ശ്വാസകോശ രോഗവും ഹൃദ്രോഗവുമുള്ളയാളാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. നേരത്തെ അഹമ്മദ് നഗറിലും നാഗ്പൂരിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗവ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ആൾക്കൂട്ടം ഒഴിവാക്കണമെന്നും നിർബന്ധമായും
മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മഹാരാഷ്ട്ര ആരോഗ്യമന്ത്രി താനാജി സാമന്ത് പറഞ്ഞു. ആശുപത്രികൾ മുന്നൊരുക്കം നടത്തി സജ്ജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 352 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജനുവരി മുതൽ മാർച്ച് ആദ്യവാരം വരെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എച്ച് 3 എൻ 2 കേസുകൾ 5,451 ആണ്. മാർച്ച് അവസാനവാരത്തോടെ വൈറസ് വ്യാപനം കുറയുമെന്നാണ് കേന്ദ്രആരോഗ്യ മന്ത്രാലയം പറയുന്നത്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് സ്വയം ചികിത്സ നടത്തരുതെന്ന് ഐ.സി.എം.ആർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. പനി, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മാത്രമെ കഴിക്കാവു. ധാരാളം വെള്ളം കുടിക്കണം. മൂക്കും മുഖവും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കണം. കൈകൾ കഴുകുന്നതും മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |