ന്യൂഡൽഹി: ''ഞാനൊരാളെ കൊന്നിട്ടുണ്ട്. ആൾക്കാർക്ക് ആവശ്യമുള്ളത് പറയട്ടെ! ഞാനത് കാര്യമാക്കുന്നില്ല."" ഇത് ഒരാളുടെ കുറ്റസമ്മത മൊഴിയല്ല, ബി.ജെ.പി ലോക്‌സഭാംഗവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനുമായ ബ്രിജ് ഭൂഷൻ 2022ൽ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ്. തന്റെ സുഹൃത്ത് രവീന്ദർ സിംഗിനെ വധിച്ച കേസിലെ പ്രതിയെ വെടിവച്ച് കൊന്നുവെന്ന ആരോപണമാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഈ സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ പോലും രജിസ്ട്രർ ചെയ്തിട്ടില്ല. യു.പിയിലെ കൈസർഗഞ്ച് ലോക്‌സഭമണ്ഡലെത്തെയാണ് 66കാരനായ ബ്രിജ് പ്രതിനിധീകരിക്കുന്നത്. യു.പിയിലെ ഗോണ്ടയാണ് ജന്മദേശം.
ആദ്യ മോഷണം, പിന്നീട് വധം
ആദ്യ കുറ്റം ബൈക്ക് മോഷണം ചുമത്തപ്പെടുന്നത് 1980ൽ
അനധികൃത മദ്യവില്പന
ക്ഷേത്രക്കുളങ്ങളിലെ നാണയം കുട്ടികളെ ഉപയോഗിച്ച് തട്ടിയെടുക്കൽ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ സഹായിച്ചതിന് 1992ൽ ടാഡ ചുമത്തപ്പെട്ടു
ബാബരി മസ്ജിദ് തകർത്ത കേസിലെ പ്രതി, 2020ൽ കുറ്റവിമുക്തനാക്കപ്പെട്ടു
ആദ്യ വധ ശ്രമം, പൊതുശല്യം, മാരാകായുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തുന്നത് 1993ൽ
മാറിമറിയുന്ന രാഷ്ട്രീയം
ബി.ജെ.പിയിൽ നിന്ന് അഞ്ച് തവണയും സമാജ്‌വാദി പാർട്ടിയിൽ നിന്ന് ഒരു തവണയും ലോക്‌സഭയിൽ.
1991ൽ യു.പിയിലെ ഗോണ്ട മണ്ഡലത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ആദ്യം
1999, 2004 വർഷങ്ങളിലും ലോക്‌സഭയിൽ
2008 ജൂലൈ 20ന് ക്രോസ് വോട്ടിന്റെ പേരിൽ ബി.ജെ.പി പുറത്താക്കി
സമാജ്‌വാദി പാർട്ടിയിലെത്തി 2009ൽ വീണ്ടും ലോക്‌സഭയിൽ
സമാജ്‌വാദി പാർട്ടി വിട്ട് 2014ൽ വീണ്ടും ബി.ജെ.പിയിൽ
ആദ്യ വധ ശ്രമം
എല്ലാ കുറ്റകൃത്യങ്ങൾക്കും ഒപ്പമുണ്ടായിരുന്ന വിനോദ്കുമാർ എന്ന പണ്‌ഡിറ്റ് സിംഗുമായി ബ്രിജ് ഭൂഷൺ സിംഗ് തെറ്റി. പണ്ഡിറ്റ് സിംഗിനെ വകവരുത്താൻ ശ്രമിച്ചതിനാണ് ബ്രിജിനെതിരെ ആദ്യം വധ ശ്രമക്കുറ്റം ചുമത്തപ്പെടുന്നത്. 20 ബുള്ളറ്റുകളാണ് തനിക്കെതിരെ ഉതിർത്തെന്നും 14 മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞുവെന്ന് പണ്ഡിറ്റ് സിംഗ് പിന്നീട് വെളിപ്പെടുത്തി. 29 വർഷത്തോളം ഈ കേസ് നീണ്ടു നിന്നു. തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞ മാസമാണ് ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയത്.
ഗുസ്‌തി ഫെഡറേഷനിലും കുറ്റകൃത്യം
ബ്രിജ് ഭൂഷൺ 2011 മുതൽ ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലപ്പത്ത്. തിരഞ്ഞെടുക്കപ്പെടുന്നത് എതിരില്ലാതെ. കരുത്തരായ ഗുസ്‌തി താരങ്ങളെ നയിക്കാൻ ശക്തനായ താനല്ലാതെ രാജ്യത്ത് മറ്റാരുണ്ട് എന്നാണ് ബ്രിജ് കഴിഞ്ഞ വർഷം മാദ്ധ്യമങ്ങളോട് ചോദിച്ചത്. 2021ൽ ജൂനിയർ ഗുസ്‌തി താരത്തെ പരസ്യമായി മുഖത്തടിക്കുന്നത് ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. പ്രായപൂർത്തിയാവാത്ത വനിതാ ഗുസ്‌തി താരങ്ങളെ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നിലവിലെ പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |