ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള വെടിനിറുത്തൽ ധാരണ പാകിസ്ഥാന്റെ ചരിത്ര വിജയമാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അവകാശപ്പെട്ടു. പാകിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച അദ്ദേഹം, പഹൽഗാം ആക്രമണത്തെ ഇന്ത്യ തങ്ങളെ ആക്രമിക്കാൻ ഉപയോഗിച്ചെന്നും ആരോപിച്ചു. വെടിനിറുത്തൽ നിലവിൽ വന്നശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷെഹ്ബാസ്.
മതഭ്രാന്തിനെതിരായാണ് പാകിസ്ഥാൻ പ്രവർത്തിച്ചത്. ഞങ്ങളുടെ തത്വങ്ങളുടെ വിജയമാണിത്. അനുയോജ്യമായ ശത്രുവിനെതിരെയാണ് ഞങ്ങൾ പോരാടിയത്. ഇത് സേനയുടെ മാത്രമല്ല, മുഴുവൻ രാജ്യത്തിന്റെയും വിജയമാണ്. ശത്രുവിന് മനസിലാകുന്ന ഭാഷയിൽ മറുപടി നൽകാനായിരുന്നു പാകിസ്ഥാന്റെ തീരുമാനം. ആത്മാഭിമാനമുള്ള രാഷ്ട്രമായതിനാലാണ് വെടിനിറുത്തൽ കരാറിനെ ഞങ്ങൾ അംഗീകരിച്ചത്. പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഒഫ് മിലിട്ടറി ഓപ്പറേഷൻസാണ് വെടിനിറുത്തൽ ആവശ്യപ്പെട്ട് വിളിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി തന്നെ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയിൽ നിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ നടത്തിയ യുദ്ധത്തിന്റെ ഇരയാണ് പാകിസ്ഥാൻ. ഇന്ത്യൻ സൈന്യം സിവിലിയന്മാരെയും പള്ളികളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നെന്നും ആരോപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, സൗദി അറേബ്യ, തുർക്കി, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങളിലെ നേതാക്കൾ എന്നിവർക്ക് ഷെരീഫ് നന്ദി പറഞ്ഞു. ചൈന പാകിസ്ഥാന്റെ ഏറ്റവും വിശ്വസ്തമായ സുഹൃത്താണെന്നും പരാമർശിച്ചു. സിന്ധു നദീജല ഉടമ്പടി, കാശ്മീർ പ്രശ്നം തുടങ്ങിയ ദീർഘകാല തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കണമെന്ന് ആഗോള സമൂഹത്തോട് ഷെരീഫ് അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |