ന്യൂഡൽഹി: ഞങ്ങൾക്ക് മറ്റ് വഴിയില്ലായിരുന്നു- ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പാകിസ്ഥാന് എതിരെ നടത്തിയ സൈനിക നടപടിയെ മൂന്നു സേനാവിഭാഗങ്ങളിലെയും ഉന്നത ഓഫീസർമാർ വിശദീകരിച്ചു തുടങ്ങിയത്.
ഇന്ത്യൻ സേനകൾ ഭീകരരെ ലക്ഷ്യം വച്ച് തുടങ്ങിയ നടപടിക്ക് മറുപടിയായി പാകിസ്ഥാൻ സിവിലിയൻ, സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടു. അതിന് അനിവാര്യമായ കനത്ത മറുപടി നൽകി. പാക് നടപടിയിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് സൈനികർക്കും സാധാരണക്കാർക്കും ആദരാഞ്ജലി അർപ്പിക്കുന്നു. ജനവാസ ഗ്രാമങ്ങൾക്കൊപ്പം ഗുരുദ്വാരകൾ പോലുള്ള മതസ്ഥലങ്ങളും പാകിസ്ഥാൻ ലക്ഷ്യമിട്ടു. ഇന്ത്യൻ സേന പാകിസ്ഥാനിലെയും അധിനിവേശ കേന്ദ്രങ്ങളിലെയും ഭീകര കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തി തകർത്തു. സൈനിക കേന്ദ്രങ്ങളോ, സിവിലിയൻ കേന്ദ്രങ്ങളോ ലക്ഷ്യമിട്ടില്ല.
പാകിസ്ഥാനിൽ ഭാവൽപൂരിലെ ജെയ്ഷെ കേന്ദ്രമായ മർകസ് സുബ്ഹാൻ അല്ലാ, പാക് പഞ്ചാബിലെ മുരിദ്കെയിലുള്ള മർകസ് തയ്ബ എന്നി മിസൈൽ ആക്രമണത്തിലൂടെ തകർക്കുന്നതിന്റെ ദൃശ്യങ്ങളും സേനകൾ പുറത്തുവിട്ടു. ആക്രമണത്തിന് മുൻപും ശേഷവുമുള്ള ചിത്രങ്ങളും മാദ്ധ്യമ പ്രവർത്തകരെ കാണിച്ചു.
മേയ് 7 ന് ഓപ്പറേഷൻ സിന്ദൂറിനുശേഷം വൈകുന്നേരം മുതലാണ് പാകിസ്ഥാൻ ഡ്രോൺ ഉപയോഗിച്ച് സിവിലിയൻ, സൈനിക മേഖലകളെ ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. മിക്ക ഡ്രോണുകളും തടഞ്ഞു. ചിലത് താഴെ ലാൻഡ് ചെയ്‌തെങ്കിലും വലിയ നാശമുണ്ടായില്ല.
മേയ് 8 ന് രാത്രി പത്തുമണിക്ക് ശേഷം പാക് ഡ്രോണുകൾ ഇന്ത്യൻ വ്യോമസേനാ താവളങ്ങളിൽ ഒരേസമയം ആക്രമണം നടത്തിയതായി എയർ മാർഷൽ എ.കെ.ഭാരതി പറഞ്ഞു. തിരമാലകൾ പോലെയായിരുന്നു ആക്രമണം. പക്ഷേ എല്ലാ വ്യോമ പ്രതിരോധ സംവിധാനങ്ങളും പൂർണ്ണമായും തയ്യാറായിരുന്നു. പെച്ചോറ മിസൈലുകൾ പോലുള്ള ആധുനികവും പാരമ്പര്യവുമായ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ പ്രതികരിച്ചു. ആ കടന്നുകയറ്റങ്ങൾക്ക് ഇവിടെ നാശനഷ്ടം ഉണ്ടാക്കാനായില്ല.
വിമാനങ്ങൾ വെടിവച്ചിട്ടു
നമ്മുടെ വ്യോമതാവളങ്ങളും മുന്നണി പോസ്റ്റുകളും സിവിലിയൻമാരെയും നിരന്തരമായി ആക്രമിച്ചതോടെ ശത്രുവിന് ശക്തമായ സന്ദേശം നൽകേണ്ടത് ആവശ്യമായി വന്നു.
പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിക്കുള്ളിൽ കടക്കാൻ അനുവദിച്ചിട്ടില്ല. നിരവധി പാക് വിമാനങ്ങളെ വെടിവച്ചിട്ടു. അവയുടെ കൃത്യം എണ്ണം പിന്നീട് വെളിപ്പെടുത്തും.
വേഗത്തിലുള്ളതും, ഏകോപിതവും, കൃത്യവും അപ്രതീക്ഷിതവുമായിരുന്നു ഇന്ത്യൻ പ്രതികരണം. ഇന്ത്യൻ വ്യോമസേനയുടെ ആക്രമണം അവരുടെ വ്യോമതാവളങ്ങൾ, കമാൻഡ് സെന്ററുകൾ, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, പടിഞ്ഞാറൻ മുന്നണിയിലുടനീളമുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ നാശമുണ്ടാക്കി. ഇന്ത്യൻ വ്യോമസേന ലക്ഷ്യമിട്ട താവളങ്ങളിൽ ഇസ്ളാമബാദിലെ ചക്ലാല, റഫീഖി എന്നിവ ഉൾപ്പെടുന്നു. ലാഹോറിനടുത്തുള്ള റഡാർ ഇൻസ്റ്റലേഷനുകളും ഗുജ്രൻവാലയിലെ വ്യോമതാവളവും ആക്രമിച്ചു.
ലാഹോറിന് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് ഡ്രോൺ ആക്രമണങ്ങൾ തുടങ്ങിയ സമയത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടായിരുന്നു. ഇത് സേനാ നടപടികളെ അൽപം പിന്നോട്ടടിച്ചെന്ന് എയർ മാർഷൽ ഭാരതി സമ്മതിച്ചു.
കറാച്ചി ആക്രമിക്കാൻ
സജ്ജമായിരുന്നു
കടലിൽ നാവിക സേനയും പ്രതിരോധം തീർത്തിരുന്നതായി വൈസ് അഡ്മിറൽ എ .എൻ പ്രമോദ് പറഞ്ഞു. കറാച്ചി തുറമുഖം അടക്കം നിർണായക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വിന്യാസം. കറാച്ചി ഉൾപ്പെടെ ആക്രമിക്കാൻ പൂർണ്ണ സജ്ജമായിരുന്നു സേന. ഇന്ത്യൻ നാവികസേനാ വിന്യാസം പാകിസ്ഥാൻ നാവിക, വ്യോമ യൂണിറ്റുകളെ പ്രതിരോധത്തിലാക്കി. മൂന്ന് സേനകളും ഏകോപിപ്പിച്ചാണ് ഓപ്പറേഷനുകൾ ആസൂത്രണം ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |