വാഷിംഗ്ടൺ: ഇന്ത്യ-പാകിസ്ഥാൻ വെടിനിറുത്തൽ ധാരണയ്ക്ക് പിന്നാലെ കാശ്മീർ പ്രശ്ന പരിഹാരത്തിന് ഇടപെടാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിറുത്തലിന് തയ്യാറായ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ട്രൂത്ത് സോഷ്യൽമീഡിയ പേസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെടിനിറുത്തൽ ധാരണയിലെത്താൻ യു.എസ് മദ്ധ്യസ്ഥ വഹിച്ചുവെന്ന അവകാശവാദം ട്രംപ് വീണ്ടും ആവർത്തിച്ചു. ഇന്ത്യയും പാകിസ്ഥാനുമായുള്ള വ്യാപാരം "ഗണ്യമായി" വർദ്ധിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, കാശ്മീർ വിഷയത്തിൽ മദ്ധ്യസ്ഥരുടെ ആവശ്യമില്ലെന്ന് ഇന്ത്യ യു.എസിനെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. കാശ്മീരിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ നിലപാടുണ്ട്. പാക് അധീന കാശ്മീർ തിരികെ ലഭിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ല. ഭീകരരെ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. പ്രശ്നത്തിൽ ആരും മദ്ധ്യസ്ഥത വഹിക്കേണ്ടതില്ലെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
അതേസമയം, ട്രംപ് മുന്നോട്ട് വച്ച വാഗ്ദാനം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ പാക് പ്രധാനമന്ത്രി ട്രംപിന് നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും വെടിനിറുത്തലിന് സമ്മതിച്ചതായി ശനിയാഴ്ച ട്രംപാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വെടിനിറുത്തലിന് മദ്ധ്യസ്ഥം വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ പരോക്ഷമായി തള്ളിയിരുന്നു. പാകിസ്ഥാനുമായി നേരിട്ട് ചർച്ച നടത്തിയതിനെത്തുടർന്നാണ് വെടിനിറുത്തലെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. വിഷയത്തിൽ യു.എസ് ഇടപെടലുണ്ടായെന്ന വാർത്ത ഉയർത്തിക്കാട്ടി പ്രതിപക്ഷം കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതിനിടെയാണ് കാശ്മീർ വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് ട്രംപ് രംഗത്തുവന്നിരിക്കുന്നത്.
'നിരവധി ആളുകളുടെ മരണത്തിനും വലിയ നാശനഷ്ടങ്ങൾക്കും കാരണമാകുമായിരുന്ന ആക്രമണം നിറുത്തിവയ്‌ക്കേണ്ട സമയമായെന്ന് തിരിച്ചറിഞ്ഞ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തിൽ ഞാൻ അഭിമാനിക്കുന്നു. സംഘർഷം തുടർന്നിരുന്നെങ്കിൽ ദശലക്ഷക്കണക്കിന് നിരപരാധികളായ ആളുകൾ മരിക്കാമായിരുന്നു. ധീരമായ പ്രവൃത്തികൾ നിങ്ങളുടെ പൈതൃകത്തെ വളരെയധികം ഉയർത്തും. ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താൻ നിങ്ങളെ സഹായിക്കാൻ യു.എസിന് കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചർച്ച ചെയ്തിട്ടില്ലെങ്കിലും, രണ്ട് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം വർദ്ധിപ്പിക്കാൻ പോകുകയാണ് ഞാൻ. കൂടാതെ,നീണ്ടകാലമായി തുടരുന്ന കാശ്മീരുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരത്തിലെത്താനാവുമോ എന്ന് നോക്കാൻ ഞാൻ ഇരുരാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കും. - ട്രംപ് ട്രൂത്തിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |