അമൃത്സർ: പഞ്ചാബിലെ അമൃത്സർ സുവർണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു തീവ്രത കുറഞ്ഞ സ്ഫോടനം. ക്ഷേത്രത്തിന് സമീപമുള്ള ഹെറിറ്റേജ് സ്ട്രീറ്റിന് രണ്ട് കിലോമീറ്റർ അടുത്തായിരുന്നു സ്ഫോടനം. അഞ്ച് ദിവസത്തിനിടെ മൂന്ന് സ്ഫോടനങ്ങളാണ് ക്ഷേത്ര പരിസരത്തുണ്ടായത്.
സി.സി.ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്. അസദ്‌വീർ സിംഗ്, അമ്രിക് സിംഗ്, സാഹിബ് സിംഗ്, ഹർജിത് സിംഗ്, ധർമീന്ദർ സിംഗ് എന്നിവരെയാണ് പിടികൂടിയത്. അസദ്‌വീറും അമ്രിക്കുമാണ് പ്രധാന കുറ്റവാളികളെന്നും സാഹിബ്, ഹർജിത്, ധർമീന്ദർ എന്നിവർ സ്ഫോടക വസ്തുക്കൾ കണ്ടെത്തുകയും വിതരണം ചെയ്യുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. അമ്രിക്കിന്റെ ഭാര്യയേയും ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഇവർക്ക് പങ്കുണ്ടോയെന്നും മറ്രാരുടെയെങ്കിലും നിർദ്ദേശാനുസരണമാണോ സ്ഫോടനം നടത്തിയതെന്നും അന്വേഷിച്ചുവരുന്നു.
അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ജി.പി ഗൗരവ് യാദവ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിർമ്മിക്കാനുള്ള സാമഗ്രികൾ സാധാരണയായി പടക്കങ്ങളിൽ ഉപയോഗിക്കാറുള്ളതാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് ഹെൽത്ത് ഡ്രിങ്ക് കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ) പഞ്ചാബ് പൊലീസും ഫോറൻസിക് സാമ്പിളുകൾ ശേഖരിച്ചു. ഈ മാസം ആറിനും എട്ടിനും സ്ഫോടനം നടന്നിരുന്നു. ഇതിൽ ഓരോരുത്തർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ സ്ഫോടനത്തിനു ശേഷം കണ്ടെയിനറിനുള്ളിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
ഖാലിസ്ഥാൻ നേതാവ് അമൃത് പാൽ സിംഗ് അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിലാണോ തുടർച്ചയായ സ്ഫോടനങ്ങളെന്നും അന്വേഷിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |