ന്യൂഡല്‍ഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. സൈനിക നടപടികളെ കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കര-വ്യോമ-നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് സൈനികരുടെ വീരമൃത്യു സ്ഥിരീകരിച്ചത്.
സായുധ സേനയിലെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടമായ സാധാരണക്കാര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കുന്നതായും അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും ഡിജിഎംഒ ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ബിഎസ്എഫ് ജവാനും വീരമൃത്യുവരിച്ചു.
അതേസമയം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 40 പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുന്നത്. കൊടുംഭീകരര്‍ ഉള്‍പ്പെടെ നൂറ് തീവ്രവാദികളും കൊല്ലപ്പെട്ടുവെന്ന് സൈന്യം പറയുന്നു. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമിച്ചത്.
ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ഇന്ത്യ ലക്ഷ്യമിട്ടതെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു. കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, പുല്‍വാമ സ്ഫോടനം എന്നിവയില്‍ പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായും ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് കൂട്ടിച്ചേര്‍ത്തു.
ഭീകരവാദത്തിന്റെ ആസൂത്രകരെയും ഭീകരകേന്ദ്രങ്ങളെയും തകര്‍ക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഈ സൈനിക നടപടി ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |