ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ച ഏകനാഥ് ഷിൻഡെ പക്ഷത്തിന് ശിവസേനയിൽ നിന്നുള്ള കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യത കൽപ്പിക്കാൻ കളമൊരുക്കി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി.
വിശ്വാസ വോട്ടെടുപ്പ് നേരിടാതെ സ്വയം രാജിവച്ച് ഒഴിഞ്ഞതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനാ പദവിയുടെ പരിധികൾ ലംഘിച്ച് രാഷ്‌ട്രീയക്കാരനെ പോലെ പെരുമാറിയ ഗവർണർ ഭഗത് സിംഗ് കോഷിയാരി, വസ്തുതകളുടെ പിൻബലമില്ലാതെ ഉദ്ധവ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന നിഗമനത്തിൽ വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ടത് നിയമവിരുദ്ധമാണെന്നും കോടതി വിമർശിച്ചു. വിശ്വാസ വോട്ടെടുപ്പ് നേരിട്ടിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാമായിരുന്നെന്നും കോടതി വ്യക്തമാക്കി.
ഷിൻഡെയുടെ ഭാവി തുലാസിൽ
ഏകനാഥ് ഷിൻഡെയ്‌ക്ക് തൽക്കാലം മുഖ്യമന്ത്രിയായി തുടരാമെങ്കിലും തന്റെ പക്ഷം ശിവസേനയിൽ നിന്ന് പിളർന്നു മാറിയതാണെന്നും കൂറുമാറിയതല്ലെന്നുമുള്ള വാദം കോടതി തള്ളി. മറ്റൊരു പാർട്ടിയിൽ ലയിക്കാതെയും പുതിയ പാർട്ടി രൂപീകരിക്കാതെയും മാതൃപാർട്ടിയിൽ നിന്നുള്ള പിളർപ്പ് കൂറുമാറ്റം അല്ലാതാവുന്നില്ല. പിളർപ്പ് സംബന്ധിച്ച വ്യവസ്ഥ ഭരണഘടനാ ഭേദഗതിയിലൂടെ ഒഴിവാക്കിയതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
പാർട്ടി വിപ്പ് ലംഘിച്ച ഏകനാഥ് പക്ഷം പാർട്ടി അംഗങ്ങൾ അല്ലാതായെന്നും അവരെ കൂറുമാറ്റത്തിന് അയോഗ്യരാക്കാമെന്നുമായിരുന്നു താക്കറെയുടെ വാദം.
ശിവസേനയിലെ തർക്കത്തിൽ ഉദ്ധവ് താക്കറെക്ക് ഇത് ധാർമ്മിക വിജയമാണെങ്കിലും രാജിവച്ചതിലൂടെ അവസരം തുലച്ചതിന്റെ ധർമ്മസങ്കടത്തിലാണ്.
ഗവർണർ പരിധി വിട്ടു
ഉദ്ധവ് താക്കറെയോട് വിശ്വാസം തെളിയിക്കാൻ ഗവർണർ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടത് കൃത്യമായ കാരണങ്ങളോ, വസ്‌തുനിഷ്‌ഠമായ വിവരങ്ങളോ ഇല്ലാതെയാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഭരണപ്രതിസന്ധിയിൽ ഭരണഘടനയ്‌ക്കുളളിൽ നിൽക്കേണ്ട ഗവർണർ ഭരണഘടനയുടെ അതിരുകൾ ലംഘിച്ച്, രാഷ്‌ട്രീയ നിലപാടെടുത്തു. വസ്തുതകളുടെ പിൻബലമില്ലാതെയാണ് മഹാവികാസ് അഘാഡി സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന നിഗമനത്തിൽ
ഗവർണർ എത്തിയതും വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിട്ടതും. പ്രതിപക്ഷമാണ് അവിശാസ പ്രമേയം അവതരിപ്പിക്കേണ്ടത്. ഇക്കാര്യത്തിൽ ഗവർണർക്ക് ഗുരുതരമായ പിഴവുണ്ടായെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സ്പീക്കർക്കും വിമർശനം
ശിവസേനയിൽ നിന്ന് കൂറുമാറിയഷിൻഡെ ഉൾപ്പെടെ 39 എം. എൽ. എമാരെ അയോഗ്യരാക്കണമെന്ന പരാതികളിൽ സ്പീക്കർ രാഹുൽ നർവേക്കർ അടയിരുന്നു. ഷിൻഡെ പക്ഷമാണ് യഥാർത്ഥ ശിവസേനയെന്നും പാർട്ടിയുടെ അമ്പും വില്ലും ചിഹ്നത്തിന് അവർക്കാണ് അർഹതയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിക്കുന്നതു വരെ അദ്ദേഹം പരാതികൾ പരിഗണിച്ചില്ല. 39 എം. എൽ. എമാർക്കും ഡെപ്യൂട്ടി സ്‌പീക്കർ നർഹരി സാരിവാൾ അയോഗ്യതാ നോട്ടീസ് നൽകിയിരുന്നു. കൂറുമാറ്റത്തിന്റെ പേരിൽ അയോഗ്യനാണെന്ന് സ്പീക്കർ കണ്ടെത്തിയാൽ ഷിൻഡെയ്ക്ക് മുഖ്യമന്ത്രിയായി തുടരാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, സംശയനിഴലിലുള്ള സ്പീക്കർക്ക് നിയമസഭാംഗങ്ങളെ അയോഗ്യരാക്കാനുളള അധികാരം ഏഴംഗ ബെഞ്ചിന് വിട്ടു. സ്‌പീക്കർക്കെതിരെ അയോഗ്യതാ നോട്ടീസ് നിലവിലിരിക്കെ അദ്ദേഹത്തിന് നിയമസഭാംഗങ്ങളുടെ അയോഗ്യതയിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് നബാം റെബിയ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |