ന്യൂഡൽഹി: ലൈംഗിക പീഡന പരാതികളിൽ ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ജന്തർ മന്ദറിൽ സമരം തുടരുന്ന വനിത ഗുസ്‌തി താരങ്ങൾ കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും സ്‌മൃതി ഇറാനിയും അടക്കം 41 ബി.ജെ.പി വനിതാ നേതാക്കൾക്ക് കത്തയച്ചു. നീതിക്കായുളള പോരാട്ടത്തിൽ ഞങ്ങളുടെ ശബ്‌ദമാകണമെന്നും അന്തസ് സംരക്ഷിക്കണമെന്നും താരങ്ങൾ കത്തിൽ ആവശ്യപ്പെട്ടു. ജന്തർ മന്ദറിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരം 22 ദിവസങ്ങൾ പിന്നിട്ടു.
ജനപ്രതിനിധികളിൽ പ്രതീക്ഷ
ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യ മേധാവി പല വനിത ഗുസ്‌തി താരങ്ങളെയും നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി
ശബ്‌ദമുയർത്താൻ പലതവണ ശ്രമിച്ചപ്പോൾ താരങ്ങളുടെ ഭാവി നശിപ്പിക്കാൻ നീക്കമുണ്ടായി
മൂക്കറ്റം മുങ്ങി നിൽക്കുന്ന സാഹചര്യമാണ്
അന്തസിന് വേണ്ടി പോരാടുകയല്ലാതെ മറ്റ് പോംവഴിയില്ല
ബ്രിജ് ഭൂഷണിന്റെ അധികാരശക്തി സർക്കാരിനെ മൂകനും ബധിരനുമാക്കി മാറ്റി
ബി.ജെ.പി വനിത ജനപ്രതിനിധികളിൽ പ്രതീക്ഷയുണ്ട്
ജന്തർ മന്ദറിലെത്തി തങ്ങളെ കേൾക്കണം
ആദ്യ ചുവടുവയ്‌പ്
അതിനിടെ, ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ ഭരണനിർവഹണചുമതല അഡ്ഹോക് സമിതിക്ക് കൈമാറാനുളള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനത്തെ ഗുസ്‌തി താരങ്ങൾ സ്വാഗതം ചെയ്‌തു. തങ്ങളുടെ പോരാട്ടത്തിന്റെ വിജയത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പെന്നാണ് ഇതിനെ താരങ്ങൾ പ്രതികരിച്ചത്. ഗുസ്‌തി ഫെഡറേഷനിലെ എല്ലാ ഔദ്യോഗിക രേഖകളും അഡ്ഹോക് പാനലിന് കൈമാറണമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിർദ്ദേശിച്ചിരുന്നു. ഫെഡറേഷൻ ഭാരവാഹികൾക്ക് ഭരണനിർവഹണത്തിൽ ഒരു പങ്കുമില്ലെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. അതിനിടെ, രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു ജനപ്രതിനിധി പോലും ഞങ്ങളെ കാണാനെത്തിയില്ലെന്നും പിന്തുണച്ചില്ലെന്നും ഗുസ്‌തി താരങ്ങൾ പരാതിപ്പെട്ടു. ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് മേയ് 16ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം നടത്തണമെന്ന് ജനങ്ങളോട് താരങ്ങൾ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |