ഹൈദരാബാദ്:തെലുങ്ക് മണ്ണിന്റെ സ്വന്തം സീതാക്ക വേദിയിലെത്തുമ്പോൾ ജനം കൈയടിക്കുന്നു. അവർ ആയിരങ്ങളെ സാക്ഷിയാക്കി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പിറന്നത് ചരിത്രം. സിനിമാ കഥകളെ വെല്ലുന്ന ജീവിതത്തിന്റെ ചിത്രം. ദനസരി അനസൂയ എന്ന സീതാക്ക മൂന്നാം വട്ടവും മുലുഗു മണ്ഡലത്തിൽ ജയിച്ചപ്പോൾ നടന്നുകയറിയത് മന്ത്രിപദത്തിലേക്ക്.
കോയ ഗോത്രത്തിൽ 1971ൽ ജനനം. ചെറുപ്പത്തിൽ നക്‌സലൈറ്റ് ആശയങ്ങളിൽ ആകൃഷ്ടയായി. 14-ാം വയസിൽ ജനശക്തി നക്സൽ ഗ്രൂപ്പിന്റെ ഭാഗം. 2004ൽ നക്‌സലിസം വിട്ട് രാഷ്ട്രീയത്തിലേക്ക്. നിയമപഠനം. അഭിഭാഷകയായി. 51-ാം വയസ്സിൽ ഒസ്‌മാനിയ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്ര്.
2004ൽ തെലുങ്ക് ദേശത്തിൽ ചേർന്നു. അക്കൊല്ലം മുലുഗു സംവരണ മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പരാജയം. 2009 ൽ ടി.ഡി.പി ടിക്കറ്റിൽ വിജയം. അന്ന് അവിഭക്ത ആന്ധ നിയമസഭയാണ്. 2014ൽ തെലങ്കാന സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ കോൺഗ്രസിലേക്ക്. ഓൾ ഇന്ത്യ മഹിള കോൺഗ്രസ് സെക്രട്ടറി.
2018ൽ മുലുഗുവിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയം. മുലുഗുവിലെ തുടർച്ചയായ രണ്ടാം വിജയം മന്ത്രിക്കസേരയും നേടിക്കൊടുത്തു. കെ.സി.ആറിനെ താഴെയിറക്കാൻ സീതാക്ക പ്രവർത്തിച്ചു. മുലുഗുവിൽ ഒതുങ്ങേണ്ട ആളല്ലെന്ന് ഭാരത് ജോഡോ യാത്രയോടെ ദേശീയ നേതൃത്വത്തിനും ബോദ്ധ്യപ്പെട്ടിരുന്നു.
വഴിത്തിരിവ്
27 വർഷങ്ങൾക്കു മുമ്പ്. ചോരയൊലിച്ച ശരീരവുമായി പൊലീസ് വെടിവയ്പിൽ നിന്ന് രക്ഷപ്പെടാൻ അവർ ഓടി. 11 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം കീഴടങ്ങൽ. ചന്ദ്രബാബു നായിഡുവിന്റെ ക്ഷണപ്രകാരം തെലുങ്ക് ദേശത്തിൽ ചേർന്നത് വഴിത്തിരിവായി. കൊവിഡ് കാലത്ത് ജനങ്ങളുടെ വിശപ്പകറ്റാൻ അവർ കിലോമീറ്ററുകളോളം നടന്നു. റോഡ് പോലുമില്ലാത്ത പ്രദേശങ്ങളിൽ സാധാരണക്കാർക്ക് ഭക്ഷണം എത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |