11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു
ഹൈദരാബാദ്: തെലങ്കാനയിൽ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ ദിവസം തന്നെ വാക്ക് പാലിച്ച് എ. രേവന്ത് റെഡ്ഡി സർക്കാർ. കോൺഗ്രസ് നൽകിയ ആറ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവിലും ഭിന്നശേഷിക്കാരിയായ രജനി എന്ന യുവതിക്ക് ജോലി നൽകാനുള്ള ഉത്തരവിലും രേവന്ത് റെഡ്ഡി ഒപ്പ് വച്ചു. രജനിക്ക് ജോലി നൽകുമെന്നതും തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഹൈദരാബാദിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു സംസ്ഥാനത്തെ ആദ്യ കോൺഗ്രസ് സർക്കാരിന്റെ സ്ഥാനാരോഹണം. രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി 12 അംഗ മന്ത്രിസഭ അധികാരമേറ്റു.
ഗവർണർ തമിഴിസൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാർകയാണ് ഉപമുഖ്യമന്ത്രി.
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. ലക്ഷത്തോളം പ്രവർത്തകർ സാക്ഷികളായി.
വികാരാബാദ് എം.എൽ.എ ഗദ്ദം പ്രസാദ് കുമാറിനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. കഴിഞ്ഞ നിയമസഭയിലെ കോൺഗ്രസ് കക്ഷി നേതാവും പ്രമുഖ ദളിത് നേതാവുമാണ് മല്ലു ഭട്ടി വിക്രമാർക്ക. മുൻ പി.സി.സി അദ്ധ്യക്ഷൻ എൻ. ഉത്തം കുമാർ റെഡ്ഡിയാണ് മന്ത്രസഭയിലെ മറ്റൊരു പ്രമുഖൻ. ഡി.ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതി റെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജ നരസിംഹ, ദനസരി അനസൂയ, തുമ്മല നാഗേശ്വര റാവു, പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, കൊണ്ട സുരേഖ, ജുപ്പള്ളി കൃഷ്ണറാവു എന്നിവരാണ് മറ്റ് മന്ത്രിമാർ.
2014ൽ തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം കോൺഗ്രസിന്റെ ആദ്യ മുഖ്യമന്ത്രിയാണ് രേവന്ത് റെഡ്ഡി. രണ്ട് പതിറ്റാണ്ടായി ഭരണം നടത്തിയ കെ.ചന്ദ്രശേഖർ റാവുവിന്റെ ബി.ആർ.എസ് സർക്കാരിനെ പുറത്താക്കിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. 119 സീറ്റുകളിൽ 65 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. അനുയായികൾ ടൈഗർ രേവന്ത് എന്ന് വിളിക്കുന്ന രേവന്ത് റെഡ്ഡിയാണ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്.
പേര് മാറ്റി തുടക്കം
സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് തന്നെ മുഖ്യമന്ത്രിയുടെ വസതിയായ പ്രഗതി ഭവന്റെ പേര് ബി. ആർ അംബേദ്കർ പ്രജാഭവൻ എന്ന് മാറ്റി. വസതിക്കു മുമ്പിലെ ഇരുമ്പു കവാടങ്ങളും ബാരിക്കേഡുകളും മാറ്റി. വർഷങ്ങളായി കാൽനടക്കാർക്ക് അസൗകര്യമായിരുന്ന ഉരുക്കു ബാരിക്കേഡുകൾ മാറ്റുമെന്നത് തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
ഇന്ന് രാവിലെ പത്തിന് മുഖ്യമന്ത്രിയുടെ വസതിയിൽ ജനങ്ങളുടെ പരാതി കേട്ട് പരിഹാരം കാണുന്ന പ്രജാ ദർബാറിന് തുടക്കമിടും. ആഴ്ചയിലൊരിക്കൽ പ്രജാ ദർബാർ നടത്തുമെന്നതും വാഗ്ദാനമായിരുന്നു.
മോദിയുടെ അഭിനന്ദനം
രേവന്ത് റെഡ്ഡിയെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി
തെലങ്കാനയുടെ പുരോഗതിക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |