ന്യൂഡൽഹി: സുസ്ഥിരമായ വളർച്ചയിലൂടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സാമ്പത്തിക രംഗത്ത് ഇന്ത്യ കുതിക്കുകയാണെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ. എല്ലാ മേഖലകളും സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ സംഭാവനകൾ നൽകുന്നു. രണ്ടാം പാദത്തിലെ വളർച്ച ഏറ്റവും ഉയർന്നതാണെന്നും നിർമ്മല രാജ്യസഭയിൽ പറഞ്ഞു.
എട്ട് വർഷത്തിനിടെ, വലിയ സമ്പദ്‌വ്യവസ്ഥയിൽ പത്താം സ്ഥാനത്ത് നിന്ന് ഇന്ത്യ അഞ്ചാമതായി.
യു.എസ്, യൂറോപ്പ്, കാനഡ, ആസ്‌ട്രേലിയ, ചൈന എന്നിവ പിന്നാക്കമായി. മൂന്നാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകളായിരുന്ന ജപ്പാനും ജർമ്മനിയും പോലും പ്രതിസന്ധി നേരിട്ടു. എന്നാൽ ഇന്ത്യ ഏഴ് ശതമാനത്തിൽ കൂടുതൽ വളർച്ച നേടി. ശ്രദ്ധേയമായ സാമ്പത്തിക പുരോഗതിയാണിത്. മേക്ക്-ഇൻ-ഇന്ത്യ പദ്ധതി, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പി.എൽ.ഐ) തുടങ്ങിയ സംരംഭങ്ങളാണ് ഉത്പാദന മേഖലയുടെ വിജയത്തിന് കാരണമായത്.
ഈ വർഷം നവംബർ 9 വരെ പ്രത്യക്ഷ നികുതി പിരിവിൽ 21.82 ശതമാനം വളർച്ചയുണ്ടായി. പ്രതിമാസ ജി.എസ്.ടി വരുമാനം 1.6 ലക്ഷം കോടി രൂപയായി.
2017-18 ൽ 17.8ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 10ശതമാനമായി കുറഞ്ഞു. അഞ്ച് വർഷത്തിനിടെ 13.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. വിലക്കയറ്റത്തിൽ പ്രതിപക്ഷാംഗങ്ങൾ ഉയർത്തിയ ആശങ്ക പരാമർശിക്കവെ പണപ്പെരുപ്പം തടയാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിർമ്മല പറഞ്ഞു.
'സ്വച്ഛ് ഭാരത് അഭിയാൻ', 'പിഎം ജൻ ഔഷധി യോജന', ആയുഷ്മാൻ ഭാരത് തുടങ്ങി വിവിധ കേന്ദ്ര സർക്കാർ പദ്ധതികൾ 2014 മുതൽ കൈവരിച്ച പുരോഗതിയും സീതാരാമൻ എടുത്തുപറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം നഷ്ടമായതിലെ ആശങ്കകളും പരാമർശിച്ചു. ഈ വർഷം രൂപയുടെ മൂല്യം കുറഞ്ഞത് ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. പോഷകാഹാരക്കുറവ്, സ്ത്രീകളുടെ പ്രശ്നങ്ങൾ തുടങ്ങിയവ രാഷ്ട്രീയവത്കരിക്കരുതെന്ന് നിർമ്മല അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |