ന്യൂഡൽഹി ലോക്സഭാ തിരഞ്ഞെടുപ്പിന് 'ഇന്ത്യ'മുന്നണി കക്ഷികളുമായി ചർച്ച നടത്താൻ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ആദ്യ യോഗം കൺവീനർ മുകുൾ വാസ്‌നിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഇന്നലെ ഡൽഹിയിൽ നടന്ന യോഗത്തിൽ മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തല പങ്കെടുത്തു. മുന്നണിക്കുള്ളിൽ കക്ഷികൾ സമ്മർദ്ദ തന്ത്രങ്ങളുമായി രംഗത്തു വന്നതിനിടെയാണ് യോഗം ചേർന്നത്. മഹാരാഷ്‌ട്രയിൽ തങ്ങളാണ് വലിയ പാർട്ടിയെന്നും ദാദ്ര നഗർ ഹവേലി ഉൾപ്പെടെ 23 സീറ്റുകളിൽ മത്സരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചിരുന്നു. പ്രകോപനപരമായ പ്രസ്‌താവനയെ സമ്മർദ്ദ തന്ത്രമായാണ് കോൺഗ്രസ് കാണുന്നത്. ശിവസേനയുമായി വരും ദിവസങ്ങളിൽ നടത്തുന്ന ചർച്ചയിൽ ധാരണയുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള രമേശ് പറഞ്ഞു.
അതിനിടെ പശ്‌ചിമ ബംഗാളിൽ എല്ലാ സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി പറഞ്ഞു. 'ഇന്ത്യ' സഖ്യം രാജ്യമെമ്പാടും നിർണായകമാണെങ്കിലും ബംഗാളിൽ ബി.ജെ.പിയെ ചെറുക്കാൻ തൃണമൂലിന് മാത്രമെ കഴിയൂ എന്നും അവർ കൂട്ടിച്ചേർത്തു.
തുറന്ന മനസോടെ സീറ്റ് പങ്കിടൽ ചർച്ചകൾ നടത്തുമെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് വ്യക്തമാക്കി. സീറ്റ് വിഭജന ചർച്ചകളിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത വെല്ലുവിളികൾ ഉയരുമെന്നും രാഷ്‌ട്രീയ യാഥാർത്ഥ്യങ്ങൾ പരിഗണിച്ച് ചർച്ച നടത്തുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
പ്രാദേശിക പാർട്ടികൾ കടുത്ത വിലപേശൽ നടത്തുന്ന ബീഹാർ, പഞ്ചാബ്, യുപി, പശ്‌ചിമ ബംഗാൾ എന്നിവിടങ്ങളിലെ സീറ്റ് വിഭജനമാകും കോൺഗ്രസിന് തലവേദനയാകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |