അയോദ്ധ്യ: ജനുവരി 22ന് പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീകോവിലിൽ പ്രധാനമൂർത്തിയായ രാംലല്ലയുടെ (ബാലനായ രാമൻ) കൃഷ്ണശിലാ വിഗ്രഹം ഇന്നലെ പ്രതിഷ്ഠിച്ചു. കിഴക്കോട്ട് ദർശനമായി ഉച്ചയ്ക്ക് 12.20നും 1.28നും ഇടയിലാണ് വിഗ്രഹം സ്ഥാപിച്ചത്.
മൈസൂരുവിലെ ശില്പി അരുൺ യോഗിരാജാണ് വിഗ്രഹത്തിന്റെ ശില്പി. നിലവിലുള്ള ഒൻപത് ഇഞ്ച് പൊക്കമുള്ള രാംലല്ല വിഗ്രഹവും ശ്രീകോവിലിൽ എത്തിച്ചു. ഇന്നലെ തീർത്ഥപൂജ, ജൽയാത്ര ചടങ്ങുകൾ നടത്തി. ജനുവരി 16ന് തുടങ്ങിയ ചടങ്ങുകൾക്ക് വാരാണസിയിലെ ലക്ഷ്‌മീകാന്ത് ദീക്ഷിതാണ് മുഖ്യ പുരോഹിതൻ. പുതിയ വിഗ്രഹത്തിന്റെ ആവശ്യമെന്തെന്ന് സംശയമുന്നയിച്ച് ഉത്തരാഖണ്ഡിലെ ജ്യോതിർ മഠാധിപതി അവിമുക്തേശ്വരാനന്ദ് സരസ്വതി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് കത്തയച്ചു. ചടങ്ങ് ശാസ്ത്രവിധികൾക്ക് വിരുദ്ധമാണെന്ന നിലപാടിലാണ് ഈ ശങ്കരാചാര്യർ.
സ്റ്റാമ്പുകൾ പുറത്തിറക്കി
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാമക്ഷേത്രത്തിന്റേതടക്കം ചിത്രങ്ങൾ ഉൾപ്പെടുത്തിയ ആറു തരം സ്റ്രാമ്പുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. സൂര്യൻ, സരയൂ നദി, ഗണപതി, ഹനുമാൻ, ജടായു, ക്ഷേത്രത്തിലെ വിവിധ ശില്പങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളും സ്റ്റാമ്പിലുണ്ട്. അന്താരാഷ്ട്ര തലത്തിൽ രാമനുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളുടെ ശേഖരമടങ്ങിയ പുസ്തകവും പുറത്തിറക്കി. അനേകം തലമുറകളെ പ്രാണപ്രതിഷ്ഠയെ കുറിച്ച് ഓർമ്മിപ്പിക്കാൻ സ്റ്റാമ്പുകൾ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
സൈബർ തട്ടിപ്പ് തടയാൻ കേന്ദ്രസംഘം
പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ പേരിൽ സൈബർ തട്ടിപ്പ് സംശയമുയർന്ന സാഹചര്യത്തിൽ ഉന്നതതല സംഘത്തെ അയോദ്ധ്യയിലേക്ക് അയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വി.ഐ.പി എൻട്രി വാഗ്ദാനം ചെയ്യുന്ന 'രാം ജന്മഭൂമി ഗൃഹ് സമ്പർക്ക് അഭിയാൻ" എന്ന വ്യാജ ആപ്പ് കണ്ടെത്തിയിരുന്നു. തട്ടിപ്പിനിരയായി ആരെങ്കിലും ഇത്തരം വ്യാജപാസുകളുമായി വരുന്നുണ്ടോ തുടങ്ങിയവ ഉന്നതസംഘം പരിശോധിക്കും. ക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് ആവശ്യപ്പെട്ടും തട്ടിപ്പ് നടക്കുന്നതായി കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |