അയോദ്ധ്യ : പ്രാണപ്രതിഷ്ഠയ്ക്കായി കൊത്തിയെടുത്ത മൂന്ന് രാംലല്ല ശിൽപ്പങ്ങളിൽ മൈസൂരുവിലെ ശിൽപ്പി അരുൺ യോഗിരാജ് നിർമ്മിച്ച ശിൽപ്പമാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് തിരഞ്ഞെടുത്തത് എന്നത് ഏവർക്കും അറിയാവുന്ന കാര്യം. ഇതിനിടെയാണ്, തിരഞ്ഞെടുക്കാത്ത രാംലല്ല ശിൽപ്പത്തിന്റേതെന്ന മട്ടിലുള്ള ചിത്രങ്ങൾ പുറത്ത് വന്നത്. കർണാടകയിലെ ഗണേഷ് ഭട്ട് എന്ന ശിൽപ്പി ഒറ്രക്കല്ലിൽ കൊത്തിയെടുത്തതാണിത് എന്നാണ് റിപ്പോർട്ടുകൾ. കൃഷ്ണശിലയിൽ 51 ഇഞ്ച് പൊക്കമുള്ളതാണ് ശിൽപ്പം. തിരഞ്ഞെടുക്കാത്ത രാംലല്ല ശിൽപ്പങ്ങൾക്ക് രാമക്ഷേത്ര പരിസരത്തു തന്നെ ആദരണീയമായ ഇരിപ്പിടം നൽകുമെന്ന് ട്രസ്റ്റ് നേരത്തേ വ്യക്തമാക്കിയിരുന്നു.
പരിഭവിച്ച് രാമായണം സീരിയലിലെ രാമൻ
പ്രതിഷ്ഠാചടങ്ങുകൾ വീക്ഷിക്കാൻ ക്ഷണമുണ്ടായിരുന്നെങ്കിലും, രാംലല്ലയെ തൊഴാൻ സൗകര്യം ലഭിച്ചില്ലെന്ന് പരിഭവം പറഞ്ഞ് രാമായണം സീരിയലിൽ രാമനായി അഭിനയിച്ച നടൻ അരുൺ ഗോവിൽ. സ്വപ്നം യാഥാർത്ഥ്യമായി. പക്ഷെ ദർശനം സാദ്ധ്യമായില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
അംബാനി വക 33 കിലോ സ്വർണം
പ്രാണപ്രതിഷ്ഠാ ചടങ്ങിനെത്തിയ വ്യവസായി മുകേഷ് അംബാനിയും കുടുംബവും 2.51 കോടി രൂപ, 33 കിലോ സ്വർണം, മൂന്ന് സ്വർണകിരീടം എന്നിവ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്രിന് നൽകി.
ഫോട്ടോ ക്യാപ്ഷൻ : തിരഞ്ഞെടുക്കാത്ത രാംലല്ല ശിൽപ്പമെന്ന മട്ടിലുള്ള ചിത്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |