ന്യൂഡൽഹി: മുതിർന്ന രാഷ്ട്രീയ നേതാവ് ശരദ് പവാറിന് തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിഭാഗത്തെ യഥാർത്ഥ പാർട്ടിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. പാർട്ടി ചിഹ്‌നമായ ക്ളോക്ക് അജിത് പവാർ പക്ഷത്തിന് ലഭിച്ചു. ഇന്ന് വൈകുന്നേരം വൈകിട്ട് മൂന്നുമണിക്ക് മുൻപ് പുതിയ പേരും ചിഹ്‌നവും നിർദ്ദേശിക്കാൻ ശരദ് പവാറിനോട് കമ്മിഷൻ നിർദ്ദേശിച്ചു.
അജിത് പവാർ പാർട്ടി പിളർത്തി ബി.ജെ.പി സർക്കാരിൽ ചേർന്ന് ഏഴ് മാസത്തിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനം. നിയമസഭയിൽ 53 എൻ.സി.പി എം.എൽ.എമാരിൽ 40ഓളം പേരുടെ പിന്തുണയുള്ളത് അജിത് പവാറിന് തുണയായി. ഇക്കാര്യത്തിൽ ശരദ് പവാറിന്റെ അവകാശവാദങ്ങൾ തെറ്റെന്ന് കമ്മിഷൻ കണ്ടെത്തി. രണ്ടു വിഭാഗവും സംഘടനാ തിരഞ്ഞെടുപ്പില്ലാതെ നോമിനേഷൻ വഴി ഭാരവാഹികളെ നിശ്‌ചയിക്കുന്നതിനെ കമ്മിഷൻ വിമർശിച്ചു. എല്ലാ പാർട്ടികളും ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കർശനമായി പിന്തുടരണമെന്നും നിർദ്ദേശമുണ്ട്. ഫെബ്രുവരി 27ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്‌ചാത്തലത്തിലാണ് താത്‌കാലിക സംവിധാനമെന്ന നിലയിൽ പുതിയ പേര് നിർദ്ദേശിക്കാൻ പവാറിന് അവസരം നൽകിയത്. മൂന്ന് പേരുകൾ നിർദ്ദേശിക്കാം.
അനിൽ ദേശ് മുഖ്, എൻ.സി.പി(പവാർ)
ശരദ് പവാറാണ് പാർട്ടി സ്ഥാപിച്ചത്. അദ്ദേഹം വർഷങ്ങളോളം അദ്ധ്യക്ഷനായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ സമ്മർദ്ദത്തിൻ കീഴിലാണ് തീരുമാനമെടുത്തത്. ഇത് ജനാധിപത്യത്തിൻ്റെ കൊലപാതകമാണ്. ദൗർഭാഗ്യകരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |