ന്യൂഡൽഹി : ഏഴ് പതിറ്റാണ്ടോളം രാജ്യത്തെ നിയമരംഗത്ത് തലയെടുപ്പോടെ നിന്ന ഭരണഘടനാ വിദഗ്ദ്ധനും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ ഫാലി എസ് നരിമാൻ (95) അന്തരിച്ചു. ഡൽഹിയിലെ വസതിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധിയായ ആരോഗ്യപ്രശ്നങ്ങൾ അടക്കം അലട്ടിയിരുന്നു. ഇന്നു രാവിലെ പത്തിന് ഡൽഹി ഖാൻ മാർക്കറ്റിന് സമീപത്തെ പാഴ്സി ശ്മശാനത്തിലാണ് സംസ്കാരം. 1991ൽ പദ്മഭൂഷണും 2007ൽ പദ്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. 2018ൽ ലാൽ ബഹാദൂർ ശാസ്ത്രി ദേശീയ പുരസ്കാരവും രാജ്യാന്തര പുരസ്കാരങ്ങളും തേടിയെത്തി. 2002ൽ ഗ്രുബെർ പ്രൈസ് ഫോർ ജസ്റ്റിസ് ലഭിച്ചു.
ഭരണഘടനാ പ്രശ്നങ്ങൾ ഉയർന്ന ഒട്ടേറെ സുപ്രധാന കേസുകളിൽ സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ വാദമുഖങ്ങൾ നിർണായകമായിരുന്നു. ആർബിട്രേഷൻ മേഖലയിലെ പ്രാഗത്ഭ്യം രാജ്യാന്തര തലത്തിലും സ്വീകാര്യത നേടിയിരുന്നു. 1972 മേയ് മുതൽ 1975 ജൂൺ വരെ അഡിഷണൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചു. 1999 മുതൽ 2005 വരെ രാജ്യസഭയിൽ നോമിനേറ്റഡ് അംഗമായി.
ഭാര്യ ബാപ്സി എഫ്. നരിമാൻ 2020ൽ നിര്യാതയായി. സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജി
ആർ.എഫ്. നരിമാൻ മകനാണ്. മകൾ: അനഹീത എഫ്. നരിമാൻ.മരുമകൾ: സനയ.
ഇന്നലെ സുപ്രീംകോടതി സിറ്റിംഗ് ആരംഭിക്കുന്നതിന് മുൻപ് അനുശോചനം രേഖപ്പെടുത്തി. നിയമരംഗത്തെ ബുദ്ധികേന്ദ്രമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അനുസ്മരിച്ചു. ആർബിട്രേഷൻ നിയമവുമായി ബന്ധപ്പെട്ട് ഒൻപതംഗ ബെഞ്ചിന് മുന്നിൽ വാദമുഖങ്ങൾ അവതരിപ്പിക്കാൻ ചൊവ്വാഴ്ച രാത്രിയിലും അദ്ദേഹം സജീവമായിരുന്നു.
മികച്ച നിയമജ്ഞൻ: പ്രധാനമന്ത്രി
രാജ്യത്തെ ഏറ്റവും മികച്ച നിയമചിന്തകരിൽ ഒരാളാണ് ഫാലി എസ്. നരിമാനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സ് അക്കൗണ്ടിൽ കുറിച്ചു. സാധാരണ പൗരന്മാർക്ക് നീതി ലഭ്യമാക്കുന്നതിനായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ധനമന്ത്രി നിർമല സീതാരാമൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും പ്രമുഖ നിയമജ്ഞരും അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |