ചണ്ഡിഗർ: വെടിയേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയുടെ മാതാപിതാക്കൾ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നു. മൂസേവാലയുടെ മാതാവ് ചരൺ കൗർ ഗർഭിണിയാണെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ചരൺ കൗറിന് 58ഉം മൂസേവാലയുടെ പിതാവ് ബാൽകൗർ സിങ്ങിന് 60 വയസ്സുമാണ് പ്രായം. വാർത്ത പ്രചരിച്ചതോടെ സമൂഹ മാദ്ധ്യമങ്ങളിൽ ഇരുവർക്കും ആശംസ നേർന്ന് നിരവധി പേർ രംഗത്തെത്തി. ഇവരുടെ ഏക മകനായിരുന്നു മൂസേവാല. ജീവിതത്തിലെ ശൂന്യതയകറ്റാനാണ് മാതാപിതാക്കൾ രണ്ടാമത്തെ കുഞ്ഞിനായി ഒരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. 2022 മേയ് 29നാണ് പഞ്ചാബിലെ ജവഹർകേയിലെ മാൻസയിൽ വച്ച് മൂസേവാല വെടിയേറ്റ് മരിച്ചത്. അന്ന് 29 വയസ്. മൂസേവാല സഞ്ചരിച്ച കാറിനെ പിന്തുടർന്ന
വാഹനവ്യൂഹത്തിൽ നിന്ന് മൂസേവാലയ്ക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ സുരക്ഷ സംസ്ഥാന സർക്കാർ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30ഓളം തവണ മൂസെവാലയ്ക്ക് വെടിയേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോടും കുറ്റവാളിയായ ഗോൾഡി ബ്രാറായിരുന്നു കൊലപാതകത്തിന് പിന്നിലെ ആസൂത്രകൻ. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗോൾഡി ബ്രാർ എന്ന സത് വിന്ദർജിത് സിംഗ് കാനഡയിലിരുന്നാണ് മൂസേവാലയുടെ കൊലപാതകമടക്കം ആസൂത്രണം ചെയ്‌തത്.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സിദ്ധു കോൺഗ്രസിൽ ചേർന്നത്. തുടർന്ന് മാൻസയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാർട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. അറിയപ്പെടുന്ന പിന്നണി ഗായകൻ കൂടിയായിരുന്നു മൂസേവാല.
നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. ലെജണ്ട്, ഡെവിൾ, ജസ്റ്റ് ലിസൺ, ടിബെയാൻ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗൺ ബോയ്സ്, ഹാത്യാർ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആൽബങ്ങൾ. 2017ൽ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആൽബത്തിലൂടെയാണ് ശ്രദ്ധ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |