ന്യൂഡൽഹി : കേന്ദ്രസർക്കാർ മാർച്ച് 11ന് ഇറക്കിയ പൗരത്വ നിയമഭേദഗതി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്ലിംലീഗിന്റേതടക്കമുള്ള ഹർജികൾ ചൊവ്വാഴ്ച്ച പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കോടതിയിലുള്ള 237 ഹർജികളും അന്ന് പരിഗണിക്കും. ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വാദം കേൾക്കാൻ ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് സമ്മതിച്ചത്. എല്ലാ ഹർജിക്കാരുടെയും അഭിഭാഷകർ വാദം പറയേണ്ടതില്ല. ഒന്നോ രണ്ടോ അഭിഭാഷകർ വിഷയം അവതരിപ്പിക്കുന്നതാണ് അഭികാമ്യമെന്നും വ്യക്തമാക്കി.
സ്റ്രേ ആവശ്യപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ഡി.വൈ.എഫ്.ഐ തുടങ്ങിയവരും അപേക്ഷ നൽകിയിട്ടുണ്ട്.
2019ൽ പാസാക്കിയ നിയമഭേദഗതിയുടെ വിജ്ഞാപനം നാലുവർഷവും മൂന്നുമാസവും കഴിഞ്ഞ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് പുറത്തിറക്കിയത് കപിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പൗരത്വം നൽകിയാൽ തിരിച്ചെടുക്കുന്നത് അസാദ്ധ്യമാണ്. അതിനാൽ അടിയന്തര സ്റ്റേ വേണമെന്നും ആവശ്യപ്പെട്ടു. വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. എന്നാൽ, പൗരത്വ വിഷയത്തെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിജ്ഞാപനമെന്നത് പ്രസക്തമല്ലെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |