ന്യൂഡൽഹി: ലോക്‌സഭയിലും രാജ്യസഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന വിവാദ പ്രസ്താവന നടത്തിയ അനന്ത് കുമാർ ഹെഗ്ഡെയ്ക്ക് സീറ്റുകൊടുക്കാതെ ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക. കർണാടകയിലെ മുതിർന്ന നേതാവും ഉത്തര കന്നഡയിലെ സിറ്റിംഗ് എം.പിയുമാണ് അനന്ത്കുമാർ. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബെൽഗാമിൽ നിന്ന് മത്സരിക്കും. മേനക ഗാന്ധിക്ക് യു.പി സുൽത്താൻപൂരിലെ സീറ്റ് നിലനിറുത്തിയെങ്കിലും മകനും പിലിഭിത്ത് സിറ്റിംഗ് എം.പിയുമായ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അഭ്യൂഹം.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ് ബീഹാറിലെ ബെഗുസാരായിയിലും നിത്യാനന്ദ് റായ് ഉജിയാർപുരിലും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പാട്ന സാഹിബിലും ജനവിധി തേടും. കേന്ദ്രമന്ത്രിമാരായ വി.കെ.സിംഗിനും അശ്വിനി ചൗബയ്ക്കും സീറ്റില്ല. ആന്ധ്രയിൽ മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി രാജംപേട്ടിലും സംസ്ഥാന അദ്ധ്യക്ഷ ദാഗുബട്ടി പുരന്ദേശ്വരി രാജമഹേന്ദ്രവാരം മണ്ഡലത്തിലും പോരാട്ടത്തിനിറങ്ങും.
മണിക്കൂറുകൾക്കകം സീറ്റ്
ഇന്നലെ ബി.ജെ.പിയിൽ ചേർന്ന രണ്ടു പ്രമുഖർക്ക് മണിക്കൂറുകൾക്കകം സീറ്റ് ലഭിച്ചു. കോൺഗ്രസ് വിട്ടുവന്ന വ്യവസായി നവീൻ ജിൻഡാലിന് ഹരിയാനയിലെ കുരുക്ഷേത്രയും വൈ.എസ്.ആർ കോൺഗ്രസിൽ നിന്നെത്തിയ വരപ്രസാദ് റാവുവിന് തിരുപ്പതി സീറ്റുമാണ് ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |