കൊൽക്കത്ത: ലൈംഗികാതിക്രമം ചുമത്തി പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്
എൻ.ഐ.എ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. എൻ.ഐ.എ ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് നടത്തുന്ന ഏതെങ്കിലും നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
വാഹനത്തിന്റെ കേടുപാടുകൾ, ഉദ്യോഗസ്ഥർക്കേറ്റ പരിക്കുകൾ, റെയ്ഡിന്റെ വിശദാംശങ്ങൾ തുടങ്ങിയവ നല്കാൻ പൊലീസ് എൻ.ഐ.എയോട് ആവശ്യപ്പെട്ടിരുന്നു.
അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് മനാബ്രോട്ടോ ജനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എൻ.ഐ.എ ഉദ്യോഗസ്ഥർ അർദ്ധരാത്രി വീടുകളുടെ വാതിലുകൾ തകർത്ത് സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചതായി ജനയുടെ പരാതിയിൽ പറയുന്നു.
2022ലെ ഭൂപതി നഗർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കളുടെ വീട്ടിൽ റെയ്ഡ് നടത്തി രണ്ട് പേരെ അറസ്റ്റ് ചെയ്തു മടങ്ങുന്നതിനിടെയാണ് എൻ.ഐ.എ സംഘത്തെ ജനക്കൂട്ടം ആക്രമിച്ചത്. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങൾ തകർത്തു.
തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി ജനക്കൂട്ടത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് എൻ.ഐ.എ സംഘത്തിനെതിരെ കേസെടുത്തത്. വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം കാട്ടിയെന്നാണ് ആരോപണം.
റേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചിന് തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വസതി റെയ്ഡ് ചെയ്യാനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |