''നം അനൈവർക്കും വേട്പാളർ ഇവർ. തലൈവരിൻ വേട്‌പാളർ. വെട്രിപെറവയ്പത് നമതു കടമൈ..."" (ഇദ്ദേഹം നമ്മുടെയെല്ലാം സ്ഥാനാർത്ഥിയാണ്. തലൈവരുടെ സ്ഥാനാർത്ഥി. വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്) സി.പി.എം ഡിണ്ടിഗൽ ജില്ലാസെക്രട്ടറി ആർ.സച്ചിദാനന്ദനെ ചേർത്തുപിടിച്ച് ഡി.എം.കെയുടെ കരുത്തനും ഗ്രാമവികസന മന്ത്രിയുമായ ഐ.പെരിയസാമി പറഞ്ഞു. ''പെരിയ വെട്രിയെ കൊടുപ്പോം..."" ഹർഷാരവത്തോടെ ജനത്തിന്റെ മറുപടി.
ആത്തൂർ നിവാസികൾക്ക് ഐ.പി എന്ന ഐ.പെരിയസാമി ഒരു തടവ് ശൊന്നാൽ നൂറു തടവ് ശൊന്ന മാതിരി... സി.പി.എമ്മിൽ നിന്നു കോയമ്പത്തൂർ ഏറ്റെടുത്തപ്പോൾ പകരം നൽകിയ മണ്ഡലമാണ് ഡിണ്ടിഗൽ. കോയമ്പത്തൂരിൽ അണ്ണാമലൈ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നേരിട്ടിറങ്ങിയ ഡി.എം.കെ സി.പി.എമ്മിന് ഒരുക്കി നൽകിയത് വോട്ടൊഴുക്കുള്ള പിച്ച്. 2019ൽ ഡി.എം.കെയുടെ പി.വേലുസാമി 5.38 ലക്ഷം വോട്ടിനാണ് ഇവിടെ ജയിച്ചത്.
മണ്ഡലത്തിലുടനീളം പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് ഐ.പിയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സച്ചിദാനന്ദൻ നാലുതവണ കട്ടകാംപെട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിജയിച്ചാൽ പഴനി മുരുക ക്ഷേത്രവും കൊടൈക്കനാലും ഉൾപ്പെടുന്ന മണ്ഡലത്തിലെ ആദ്യ സി.പി.എം എം.പി പ്രസംഗത്തിലുടനീളം സ്റ്റാലിന്റെ ഭരണനേട്ടങ്ങൾ നിരത്തിയാണ് സച്ചിദാനന്ദന്റെ പ്രചാരണം. പ്രചാരണ വാഹനത്തിൽ ഏറ്റവും വലിയ ചിത്രവും സ്റ്റാലിന്റേതു തന്നെ. യെച്ചൂരിക്കും രാഹുൽ ഗാന്ധിക്കും ഒരേ വലിപ്പം.
രണ്ടില ചിഹ്നത്തിൽ എസ്.ഡി.പി.എ
ഗ്രാമപ്രദേശത്തെ വീടുകളുടെ ചുവരുകളിൽ പതിച്ചിരിക്കുന്ന അരിവാൾ ചുറ്റിക നക്ഷത്രത്തിനു മുകളിൽ ഐ.പി പിന്തുണയ്ക്കുന്ന ചിഹ്നമെന്നാണ് എഴുത്ത്. അണ്ണാ ഡി.എം.കെ മുന്നണിയിൽ ചേർന്ന എസ്.ഡി.പി.ഐക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. അണ്ണാ ഡി.എം.കെയുടെ രണ്ടിലയാണ് ചിഹ്നം.
എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് വി.എം.എസ്.മുഹമ്മദ് മുബാറക്കാണ് സ്ഥാനാർത്ഥി. എം.ജി.ആറിന്റെ ചിഹ്നമെന്നാണ് ചുവരുകളിൽ രണ്ടിലയുടെ വിശേഷണം. അണ്ണാ ഡി.എം.കെ പാർട്ടി രൂപീകരിച്ചശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് വിജയം 1973ൽ ഡിണ്ടിഗൽ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലായിരുന്നു. 2014ൽ ഉൾപ്പെടെ മൂന്നുവട്ടം കൂടി രണ്ടിലയ്ക്ക് ഡിണ്ടിഗൽ വിജയം നൽകി. നിയമസഭയിൽ രണ്ട് ദ്രാവിഡകക്ഷികൾക്കും മൂന്നുസീറ്റ് വീതമുണ്ട്. കണക്കുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് എസ്.ഡി.പി.ഐ ശ്രമം. പി.എം.കെയുടെ എം.തിലകഭാമയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
''മോദി സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് നടക്കാൻ പോകുന്നത്. വിജയ പ്രതീക്ഷയിൽ സംശയമില്ല. മുന്നണിയിലെ എല്ലാ പാർട്ടികളും ഒത്തൊരുമയോടെയാണ് പ്രവർത്തിക്കുന്നത്.
- ആർ.സച്ചിദാനന്ദൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |