ന്യൂഡൽഹി: 2018ൽ ജമ്മുകാശ്‌മീരിലെ കത്വയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന സംഭവം സംസ്ഥാനം ഭരിച്ചിരുന്ന പി.ഡി.പി- ബി.ജെ.പി സർക്കാരിനും കേന്ദ്ര സർക്കാരിനും ഏറെ തലവേദനയായിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയെ സമ്മർദ്ദത്തിലാക്കി. എന്നാൽ അന്ന് കേസിലെ പ്രതിയെ പരസ്യമായി പിന്തുണച്ച മുൻ എം.പിയും സംസ്ഥാന മന്ത്രിയുമായിരുന്ന ചൗധരി ലാൽ സിംഗാണ് ജമ്മുകാശ്‌മീരിലെ ഉധംപൂർ- ദോഡ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി!
മുൻ കോൺഗ്രസുകാരനായ ലാൽ സിംഗ് 2009ൽ ഉധംപൂരിൽ ജയിച്ചിരുന്നു. 2014ൽ ഗുലാം നബി ആസാദിനായി തന്നെ അവഗണിച്ചതിൽ പ്രതിഷേധിച്ച് രാജിവച്ച് ബി.ജെ.പിയിൽ ചേർന്നു. പിന്നീട് പി.ഡി.പി-ബി.ജെ.പി സർക്കാരിൽ മന്ത്രിയായിരിക്കെയാണ് കത്വ പ്രതിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതിനെതിരെ ഉയർന്ന പ്രതിപക്ഷ പ്രതിഷേധം ലാൽ സിംഗിന്റെ രാജിയിൽ കലാശിച്ചു.
2018ൽ ബി.ജെ.പി വിട്ട് ദോഗ്ര സ്വാഭിമാൻ സംഗതൻ പാർട്ടി (ഡി.എസ്.എസ്.പി) രൂപീകരിച്ചു. 2019ൽ ഡി.എസ്.എസ്.പി ബാനറിൽ മത്സരിച്ചെങ്കിലും നാലാം സ്ഥാനത്തായി. പാർട്ടിയുടെ ജമ്മു കാശ്‌മീർ മുഖമായിരുന്ന ഗുലാം നബി ആസാദ് രാജിവച്ച് മറ്റൊരു പാർട്ടി രൂപീകരിച്ചതാണ് പഴയതെല്ലാം മറന്ന് ഉധംപൂരിൽ സ്വാധീനമുള്ള ലാൽസിംഗിനായി കോൺഗ്രസ് വീണ്ടും വാതിൽ തുറന്നത്. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ലാൽ സിംഗ് പങ്കെടുത്തത് നാഷണൽ കോൺഫറൻസ് അടക്കം വിമർശിച്ചിരുന്നു. എന്നാൽ ഉധംപൂരിൽ അദ്ദേഹം സ്ഥാനാർത്ഥിയായതോടെ 'ഇന്ത്യ" മുന്നണിയിലുള്ള നാഷണൽ കോൺഫറൻസിനും അദ്ദേഹത്തിനെ പിന്തുണയ്ക്കേണ്ടിവരും.
അതേസമയം ലാൽസിംഗുമായി വേദി പങ്കിടില്ലെന്ന് പി.ഡി.പി വ്യക്തമാക്കിയിട്ടുണ്ട്. പി.ഡി.പി ജമ്മുവിൽ 'ഇന്ത്യ" സഖ്യത്തിന്റെ ഭാഗമല്ല. ലാൽസിംഗിനോടുള്ള സമവായത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് ദീപിക പുഷ്‌കർ നാഥ് പാർട്ടി വിട്ടിരുന്നു. ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടിയും (ഡി.പി.എ.പി) കോൺഗ്രസ് നടപടിയെ വിമർശിച്ചു. ഡി.പി.എ.പി പിന്തുണയ്‌ക്കുന്ന ജി.എം.സരൂരി ഉധംപൂരിൽ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്.
2014 മുതൽ ഉധംപൂരിനെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജിതേന്ദ്ര സിംഗ് ഹാട്രിക് ജയത്തിനായാണ് ഇക്കുറി ഇറങ്ങുന്നത്. ലാൽ സിംഗിന്റെ സ്ഥാനാർത്ഥിത്വം വോട്ട് ഭിന്നിപ്പിക്കുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. 19ന് ഒന്നാം ഘട്ടത്തിലാണ് വോട്ടെടുപ്പ്.
2019ലെ ഫലം
ജിതേന്ദ്ര സിംഗ് (ബി.ജെ.പി): 7,24,311 (61.38%)
വിക്രമാദിത്യ സിംഗ് (കോൺഗ്രസ്): 3,67,059 (31.10%)
ഹർഷദേവ സിംഗ് (ജെ.കെ.എൻ.പി.പി): 24,319 (2.06%)
ലാൽ സിംഗ് (ഡി.എസ്.എസ്.പി): 19,049 (1.61%)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |