ബംഗളൂരു: യുവതിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ യുവതിയുടെ മാതാവ് ഹോളോബ്രിക്കു വച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബംഗളൂരു ജയനഗറിലെ സാരാക്കി പാർക്കിൽ വ്യാഴാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. അനുഷയും (25)
ടി. സുരേഷുമാണ് (45) കൊല്ലപ്പെട്ടത്. അനുഷയുടെ അമ്മ ഗീതയെ(50) പോലീസ് കസ്റ്റഡിയിലെടുത്തു.ജെ.പി. നഗറിലെ ഷകംബരി നഗർ സ്വദേശിയാണ് അനുഷ. ഗൊരഗുണ്ടെപാല്യ സ്വദേശിയാണ് സുരേഷ്.
അനുഷയും സുരേഷും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലാണ് ജോലിചെയ്തിരുന്നത്. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അവിവാഹിതനാണെന്നാണ് സുരേഷ് അനുഷയോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.
എന്നാൽ, സുരേഷ് വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണെന്ന് ഒരുവർഷം മുമ്പ് അനുഷ അറിഞ്ഞു. ഇതോടെ അനുഷ ബന്ധത്തിൽ നിന്ന് പിന്മാറുകയും സുരേഷിൽനിന്ന് അകലം പാലിക്കുകയും ചെയ്തു. എന്നാൽ, സുരേഷ് അനുഷയെ പിന്തുടരുകയും വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്‌തു.
കൊലപാതകം നടന്നതിന് മണിക്കൂറുകൾക്കു മുമ്പ്
അനുഷ ജെ.പി നഗർ പോലീസ് സ്‌റ്റേഷനിൽ സുരേഷിനെതിരെ പരാതി നൽകിയിരുന്നു. ഫോണിലൂടെയും നേരിട്ടും നിരന്തരമായ മാനസിക പീഡനം തുടർന്നതോടെയാണ് പരാതി നൽകിയത്. തുടർന്ന് സുരേഷിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി. അനുഷയിൽനിന്ന് അകലം പാലിക്കുമെന്ന് സത്യവാങ്മൂലം എഴുതിവാങ്ങുകയും ചെയ്തു. എന്നാൽ, സ്റ്റേഷനിൽനിന്ന് ഇറങ്ങിയ ഉടൻ സുരേഷ് അനുഷയെ ഫോണിൽ വിളിക്കുകയും അവസാനമായി കാണണം എന്നാവശ്യപ്പെടുകയും ചെയ്തു.
പ്രശ്നങ്ങൾ സംസാരിച്ചുതീർക്കാമെന്ന സുരേഷിന്റെ ഉറപ്പിന്മേൽ അനുഷ പാർക്കിലെത്തി. എന്നാൽ, ഇവിടെവച്ചും സുരേഷ് പ്രണയം തുടരാനും വിവാഹം കഴിക്കാനും നിർബന്ധിച്ചു. എന്നാൽ, യാതൊരു ബന്ധത്തിനും താത്പര്യമില്ലെന്ന് അനുഷ അറിയിച്ചു.
പാർക്കിൽവച്ച് ഇരുവരും തർക്കമുണ്ടായതായി ദൃക്സാക്ഷികൾ പറയുന്നു.
ഇതിനിടെ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അനുഷയെ കുത്തുകയായിരുന്നു. സുരേഷും അനുഷയും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാവുന്ന അമ്മ ഗീത പിന്നാലെ പാർക്കിൽ എത്തിയിരുന്നു.
അപ്രതീക്ഷിതമായി സുരേഷ് അനുഷയെ കുത്തുന്നത് കണ്ടതോടെ ഗീത നിലവിളിച്ചുകൊണ്ട് ഓടിയെത്തുകയും സമീപത്തുണ്ടായിരുന്ന ഹോളോബ്രിക്സ് കൊണ്ട് സുരേഷിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു. നിലത്തുവീണ സുരേഷിന്റെ ദേഹത്ത് കയറിയിരുന്ന ഗീത കട്ടകൊണ്ട് തുടരെ അയാളുടെ തലയ്ക്കടിച്ചു.
കുറച്ചുപേരുടെ സഹായത്തോടെ ഗീത അനുഷയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകിച്ചു. നെഞ്ചിലും കഴുത്തിലും മാരകമായ മുറിവേറ്റ നിലയിലായിരുന്നു അനുഷ. വൈകാതെ ജെ.പി. നഗർ പോലീസ് സ്ഥലത്തെത്തി സുരേഷിനെയും ഇതേ ആശുപത്രിയിൽ എത്തിച്ചെങ്കിലും അയാളും മരിച്ചിരുന്നു.
അനുഷയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രണ്ട് എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മിഷണർ (സൗത്ത്) ലോകേഷ് ഭരമപ്പ ജഗലാസർ പറഞ്ഞു. അനുഷയുടെ അമ്മയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദൃക്സാക്ഷികളെ ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |