ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനൊപ്പം ഗുസ്തിതാരമായ ബജ്റംഗ് പൂനിയയും സ്ഥാനം പിടിക്കുമെന്ന് സൂചന. വിനേഷിന് ഹരിയാനയിലെ ജുലാനയിലും ബജ്റംഗിന് ബാദ്ലിയിലും ടിക്കറ്റ് നൽകാനാണ് ആലോചന. ഇന്നലെ വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.ഡൽഹി 10 ജൻപഥിൽ വസതിയിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. കൂടിക്കാഴ്ചയുടെ ചിത്രം കോൺഗ്രസ് പുറത്തുവിട്ടിരുന്നു. ഗുസ്തി താരങ്ങളുടെ സ്വാധീനത്തിൽ ജാട്ട് വോട്ടുകൾ ഏകീകരിക്കാനും ബി.ജെ.പിക്കെതിരായ ഭരണ വിരുദ്ധ വികാരം മുതലെടുക്കാനുമാണ് കോൺഗ്രസ് ലക്ഷ്യം.
വിനേഷിന്റെ ജന്മദേശമായ ഹരിയാനയിലെ ചാർഖി ദാദ്രിയിൽ ബന്ധുവായ ബബിത ഫോഗട്ട് ബി.ജെ.പി സ്ഥാനാർത്ഥിയാകാനിടയുണ്ട്. അതിനാൽ ഫോഗട്ടിന് ജിന്ദ് ജില്ലയിലെ ജുലാന നിയോജക മണ്ഡലമാണ് പാർട്ടി ആലോചിക്കുന്നത്. വിനേഷിന് സ്വാധീനമുള്ള മണ്ഡലവുമാണ്. ബജ്റംഗ് പൂനിയയ്ക്ക് സ്വന്തം സ്ഥലമായ ബാദ്ലിയാണ് ആലോചിക്കുന്നതെങ്കിലും സിറ്റിംഗ് എം.എൽ.എ കുൽദീപ് വത്സിന്റെ നിലപാട് പ്രധാനമാണ്. ബി.ജെ.പിയുടെ ശക്തനായ ഒ.പി. ധൻകറിനെ പരാജയപ്പെടുത്തിയ അദ്ദേഹം മാറാൻ തയ്യാറായില്ലെങ്കിൽ തത്കാലം ബജ്റംഗ് മത്സരിച്ചേക്കില്ല. പകരം പാർട്ടിയിൽ ഉന്നത സ്ഥാനം നൽകും.
ഇക്കാര്യം ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബജ്റംഗിനെ ധരിപ്പിച്ചതായി അറിയുന്നു. ഗുസ്തി താരങ്ങൾ ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടത്തിയ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. ഇക്കഴിഞ്ഞ ഒളിമ്പിക്സിൽ മെഡൽ നഷ്ടമായ വിനേഷ് ഫോഗട്ടിനൊപ്പവും കോൺഗ്രസ് നേതാക്കളുണ്ടായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദർ ഹൂഡ രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും വിനേഷ് നിരസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |