ന്യൂഡൽഹി: പ്രശസ്ത നാടകകൃത്തും എഴുത്തുകാരനുമായ ഓം ചേരി നാരായണ പിള്ള (എൻ.എൻ.പിള്ള) അന്തരിച്ചു. 101 വയസായിരുന്നു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് ഡൽഹി സെന്റ് സ്റ്റീഫൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 3ന് ഡൽഹി ലോധി റോഡ് ശ്‌മശാനത്തിൽ. ഇന്ന് ഡൽഹി അശോക്‌വിഹാർ ഫേസ് രണ്ടിലെ വസതിയിലും നാളെ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് രണ്ടുവരെ ഡൽഹി ട്രാവൻകൂർ പാലസിലും പൊതുദർശനം.
1924 ഫെബ്രുവരി ഒന്നിന് പി. നാരായണ പിള്ള ഓംചേരിയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി വൈക്കത്താണ് ജനനം.
ഭാര്യ അന്തരിച്ച പ്രശസ്ത ഗായകൻ കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയും ഗായികയുമായ ലീലാ ഓംചേരി കഴിഞ്ഞ കൊല്ലം നവംബറിലാണ് അന്തരിച്ചത്. മാനേജ്മെന്റ് കൺസൾട്ടന്റ് ശ്രീദീപ് ഓംചേരിയും നർത്തകിയായ ദീപ്തി ഓംചേരിയും മക്കൾ.
1951ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ചേർന്ന് ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗം മേധാവിയായി ഡൽഹിയിലെത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ ഡയറക്‌ടർ അടക്കമുള്ള പദവികൾ വഹിച്ചു.
വിരമിച്ച ശേഷം ലോകബാങ്ക്, യുനെസ്കോ എന്നിവയുടെ ഉപദേഷ്‌ടാവ്, ഭാരതീയ വിദ്യാഭവൻ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാടകങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചു.'ആകസ്മികം:ഓം ചേരിയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന ആത്മകഥയ്‌ക്ക് 2020ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് അടക്കം ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |