ന്യൂഡൽഹി: മറ്റ് രാജ്യങ്ങൾക്കുള്ളിലുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും തകർക്കുന്ന തരം ആധുനിക വിമാനം ഇന്ത്യ വികസിപ്പിക്കുന്നു എന്ന റിപ്പോർട്ടിൽ പ്രതികരിച്ച് പ്രതിരോധ മന്ത്രാലയം. 12,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കുന്ന അൾട്രാ ലോംഗ് റേഞ്ച് സ്‌ട്രാറ്റജിക് ബോംബർ വിമാനം ഇന്ത്യ തയ്യാറാക്കുന്നു എന്ന റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രാലയം തള്ളി. എക്കണോമിക് ടൈംസ് ആണ് വിമാനത്തെ കുറിച്ച് ആദ്യം വാർത്ത പ്രസിദ്ധീകരിച്ചത്. പിന്നീട് നിരവധി ന്യൂസ് പോർട്ടലുകൾ ഈ വാർത്ത ഏറ്റെടുത്തു.
ഭൂഖണ്ഡാന്തര മിഷനുകൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള പുതിയ തലമുറ യുദ്ധവിമാനം തയ്യാറാകുന്നതായും ന്യൂയോർക്ക്, ബീജിംഗ് പോലുള്ള നഗരങ്ങളിൽ കൃത്യതയാർന്ന ആക്രമണത്തിന് ഇതിലൂടെ കഴിയുമെന്നുമാണ് റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. ഈ യുദ്ധവിമാനത്തിന് വായുവിൽ വച്ചുതന്നെ ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ലെന്നും ആയിരുന്നു പ്രചരിച്ചിരുന്നത്.
'അത്തരത്തിൽ ഒരു പദ്ധതിയ്‌ക്ക് അനുമതി നൽകുകയോ അങ്ങനെയൊന്ന് പുരോഗമിക്കുകയോ ചെയ്യുന്നില്ല.' പ്രതിരോധ മന്ത്രാലയത്തിലെ ഒരു അംഗം പറഞ്ഞു. ഇത്തരത്തിൽ ഒരു പദ്ധതിയ്‌ക്ക് ഇന്ത്യൻ വ്യോമസേനയുടെ തന്ത്രപ്രധാനമായ നിലപാടുകളോ പദ്ധതികളോ ഇല്ല എന്നും മന്ത്രാലയം അറിയിക്കുന്നു.
ഇത്തരമൊരു വിമാനം തയ്യാറാക്കാൻ സാമ്പത്തികമായി വലിയ ചെലവ് വരുമെന്നും ഇന്ത്യയുടെ ഇപ്പോഴത്തെ ശ്രദ്ധ യുദ്ധവിമാനങ്ങളുടെ നവീകരണം, മിസൈൽ വിഭാഗം ശക്തിപ്പെടുത്തുക, അഞ്ചാം തലമുറ ആളില്ലാ യുദ്ധ വിഭാഗത്തിന്റെ ശക്തിപ്പെടുത്തൽ അവയുടെ വികാസം എന്നിവയാണ്.
ദീർഘദൂര ബാലിസ്റ്റിക്, ക്രൂയിസ് മിസൈലടക്കം തന്ത്രപ്രധാനമായ പദ്ധതികളിലും ആണവ അന്തർവാഹിനികളുമാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തരമൊരു ബോംബർ വിമാനം തയ്യാറാക്കാൻ ഇന്ത്യ ഔദ്യോഗിക ചർച്ചകൾ നടത്തുകയോ അതിനായി അനുമതി നൽകുകയോ ചെയ്‌തിട്ടില്ലെന്നുതന്നെയാണ് പ്രതിരോധ വിഭാഗം വ്യക്തമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |