ലണ്ടൻ: ഹെവി മെറ്റൽ സംഗീതത്തിന്റെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ഗായകനും ഗാനരചയിതാവുമായ ഓസി ഓസ്ബോൺ (76) അന്തരിച്ചു. മരണകാരണം പുറത്തുവിട്ടിട്ടില്ല. 2019ൽ പാർക്കിൻസൺസ് രോഗം ബാധിച്ചതോടെ അദ്ദേഹത്തിന് നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. ശ്വാസകോശ രോഗമായ എംഫിസീമയും അലട്ടിയിരുന്നു.
ഹെവി മെറ്റൽ ബാൻഡായ ബ്ലാക്ക് സാബത്തിലെ മുഖ്യ വോക്കലിസ്റ്റ് എന്ന നിലയിൽ 1970കളിൽ പ്രശസ്തിയിലേക്ക് ഉയർന്ന ഓസി 'പ്രിൻസ് ഒഫ് ഡാർക്ക്‌നെസ് " എന്ന അപരനാമത്തിൽ അറിയപ്പെട്ടു. 1968ൽ ഗിറ്റാറിസ്റ്റ് ടോണി ലോമ്മി, ഡ്രമ്മർ ബിൽ വാർഡ്, ബേസിസ്റ്റ് ഗീസർ ബട്‌ലർ എന്നിവരുമായി ചേർന്നാണ് ഓസി ബ്ലാക്ക് സാബത്തിന് രൂപംനൽകിയത്.
പാരനോയ്ഡ് (1970), മാസ്റ്റർ ഒഫ് റിയാലിറ്റി (1971), സാബത്ത് ബ്ലഡി സാബത്ത് (1973) തുടങ്ങിയ ആൽബങ്ങളിലൂടെ പ്രശസ്തി നേടിയ ബ്ലാക്ക് സാബത്ത് റോക്ക് സംഗീതത്തിലെ ഹെവി മെറ്റൽ വിഭാഗത്തിന്റെ വികാസത്തിൽ വളരെയധികം സ്വാധീനം ചെലുത്തി.
തെൽമ റീലെയാണ് ഓസിയുടെ ആദ്യ ഭാര്യ. പിന്നീട് ടെലിവിഷൻ താരം ഷാരോൺ ഓസ്ബോണിനെ വിവാഹം ചെയ്തു. ടെലിവിഷൻ താരം ജാക്ക്, നടി എയ്‌മി, ഗായിക കെല്ലി എന്നിവരടക്കം ആറ് മക്കളുണ്ട്.
അമിതമായ മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ ഓസിയെ 1979ൽ ബ്ലാക്ക് സാബത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് 1980ൽ ബ്ലിസർഡ് ഒഫ് ഓസ് എന്ന ആൽബത്തിലൂടെ ഓസി സോളോ കരിയറിന് തുടക്കമിട്ടു. 1997ൽ വീണ്ടും ബ്ലാക്ക് സാബത്തിൽ ചേർന്നു.
ബ്ലാക്ക് സാബത്ത് അംഗമെന്ന നിലയിൽ 2006ലും സോളോ ആർട്ടിസ്റ്റ് എന്ന നിലയിൽ 2024ലും റോക്ക് ആൻഡ് റോൾ ഹാൾ ഒഫ് ഫെയിമിൽ ഓസി ഇടംനേടി. ഇക്കഴിഞ്ഞ ജൂലായ് 5നായിരുന്നു ഓസിയുടെ അവസാനത്തെ ലൈവ് ഷോ. ആരോഗ്യകാരണങ്ങളാൽ ഇനി ലൈവ് പരിപാടികളിൽ പ്രത്യക്ഷപ്പെടില്ലെന്നും റെക്കോഡിംഗുകൾ തുടർന്നേക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
# വിവാദങ്ങളുടെ തോഴൻ
1948 ഡിസംബർ 3ന് ബിർമിംങ്ങ്ഹാമിൽ ജനനം
യഥാർത്ഥ പേര് ജോൺ മൈക്കൽ ഓസ്ബോൺ
കൗമാരത്തിൽ നിരവധി തവണ ആത്മഹത്യാശ്രമം നടത്തി
15 -ാം വയസിൽ പഠനം നിറുത്തി നിർമ്മാണ തൊഴിലാളിയായി. ഫാക്ടറികളിലും കശാപ്പുശാലയിലും ജോലി ചെയ്തു
17 -ാം വയസിൽ തുണിക്കടയിൽ മോഷണം. ആറ് ആഴ്ച ജയിലിൽ
വിവാദങ്ങളുടെ തോഴൻ. വേദിയിൽ നിന്ന് ആരാധകർക്ക് നേരെ പച്ചമാംസം എറിഞ്ഞു. 1982ൽ ആരാധകൻ സ്റ്റേജിലേക്ക് എറിഞ്ഞ വവ്വാലിന്റെ തലയിൽ കടിച്ചു. വവ്വാലിനെ റബ്ബർ കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാണ് കടിച്ചതെന്നും അബദ്ധം മനസിലായതോടെ ആശുപത്രിയിൽ പോയി റാബിസ് വാക്സിൻ എടുത്തെന്നും ഓസി വെളിപ്പെടുത്തി
പിന്നീട് തല വേർപെടുത്താൻ സാധിക്കുന്ന കളിപ്പാട്ട രൂപത്തിലെ വവ്വാലുകളെ ഓസി വില്പനയ്ക്കെത്തിച്ചു
ഓസി ചെകുത്താനെ ആരാധിക്കുന്ന വ്യക്തിയാണെന്നും ആരോപണമുയർന്നു
2002ൽ ദ ഓസ്ബോൺസ് എന്ന അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയും ആരാധകരെ നേടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |