ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മന-ബദ്രിനാഥ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ഹിമപാതത്തിൽ നാല് പേർ മരിച്ചു. കാണാതായ 55 പേരിൽ 50 പേരെ കണ്ടെത്തിയെങ്കിലും ഇവരിൽ നാലു പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബാക്കി അഞ്ച് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി. ഡെറാഡൂൺ ഡിഫൻസ് പബ്ലിക് റിലേഷൻസ് ഓഫീസറാണ് ഇക്കാര്യമറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 7.15ഓടെയുണ്ടായ മഞ്ഞിടിച്ചിലിൽ ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ തൊഴിലാളി ക്യാമ്പിലെ 55 പേരാണ് കുടുങ്ങിയത്. എട്ടു കണ്ടെയ്‌നറുകളിലും ഒരു ഷെഡിലുമായാണ് തൊഴിലാളികൾ കഴിഞ്ഞിരുന്നത്. ഇതിൽ 33 പേരെ വെള്ളിയാഴ്ചയും,17 പേരെ ഇന്നലെയും കണ്ടെത്തി. 57 തൊഴിലാളികൾ കുടുങ്ങിയെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും രണ്ടു പേർ അവധിയിൽ പോയെന്ന് അധികൃതർ അറിയിച്ചു.
മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയാണ്. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവർത്തനം ഊർജ്ജിതം. ഇന്നലെ നാല് കരസേനാ ഹെലിക്കോപ്റ്ററുകൾ കൂടി തെരച്ചിലിനും,തൊഴിലാളികളെ എയർലിഫ്റ്റ് ചെയ്യാനും രംഗത്തിറങ്ങി. കരസേനയിലെ ഐബക്‌സ് ബ്രിഗേഡ്,ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേന,ബോർഡർ റോഡ്സ് ഓർഗനൈസേഷൻ,ഐ.ടി.ബി.പി, ഉത്തരാഖണ്ഡ് പൊലീസ് എന്നിവയിലെ അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ സജീവം.
അതേസമയം,രക്ഷപ്പെടുത്തിയ തൊഴിലാളികളെയും,ഹിമപാതമുണ്ടായ മേഖലയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. ഹെലിക്കോപ്റ്ററിൽ ഏരിയൽ സർവേ നടത്തി. മഞ്ഞുവീഴ്ച കാരണം തടസപ്പെട്ട വൈദ്യുതിയും ഇന്റർനെറ്റും പുനഃസ്ഥാപിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്ന് ധാമി പറഞ്ഞു. ജ്യോതിർമഠിലെ സൈനിക ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഹിമാചലിൽ കുടുങ്ങിയ
മലയാളികൾ ഡൽഹിയിലേക്ക്
കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽ പ്രദേശിലെ കുളുവിൽ കുടുങ്ങിയ ചീമേനി എൻജിനിയറിംഗ് കോളേജിലെ മൂന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും അദ്ധ്യാപകരും റോഡുകൾ തുറന്നതിനെ തുടർന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു. സംഘത്തിലെ ഒരു വിഭാഗം കടന്നുപോയതിന് ശേഷമായിരുന്നു ഗ്രീൻ മണാലി ടോൾ പ്ലാസയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്ന് 50 പേരടങ്ങുന്ന രണ്ടാമത്തെ സംഘം കുടുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |