ഹൈദരാബാദ്: തെലങ്കാന നാഗർകുർണൂലിൽ തുരങ്കം ഇടിഞ്ഞുണ്ടായ അപകടത്തിൽ കുടുങ്ങിയ എട്ടു പേർക്കായുള്ള രക്ഷാപ്രവർത്തനത്തിന് പുതിയ വഴിത്തിരിവ്. കാണാതായ എട്ട് പേരിൽ നാലുപേരുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന് സംസ്ഥാന എക്സൈസ് മന്ത്രി ജുപള്ളി കൃഷ്ണ റാവു അറിയിച്ചു. ഒരാഴ്ചയായി തുടരുന്ന തെരച്ചിലിലാണിത്. ഇവരുടെ അടുക്കൽ ഉടൻ എത്തുമെന്നും ഇന്ന് വൈകിട്ടോടെ പുറത്തെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു നാലുപേർ ടണൽ ബോറിംഗ് യന്ത്രത്തിന്റെ അടിയിൽ കുടുങ്ങിയതായി കരുതുന്നു. തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങൾ കാരണം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. 450 അടി ഉയരമുള്ള ടി.ബി.എം മുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാദ്ധ്യത ഒരു ശതമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥലത്ത് ആംബുലൻസുകളുടെയും ഫോറൻസിക് വിദഗ്ദ്ധരുടെയും സംഘവും എത്തി. ഇതിനിടെ രക്ഷാദൗത്യത്തിലെ വിവിധ ടീമുകൾ തുരങ്കത്തിലെ വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുന്നുണ്ട്. ജി.പി.ആർ ഉപകരണങ്ങൾ തിരിച്ചറിഞ്ഞ നിർദ്ദിഷ്ട സ്ഥലത്ത് റാറ്റ് മൈനേഴ്സും രക്ഷാപ്രവർത്തനത്തിൽ ചേർന്നു.
അതേസമയം,നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻ.ജി.ആർ.ഐ) പ്രതിനിധികൾ നടത്തിയ ഗ്രൗണ്ട് പ്രോബിംഗ് റഡാർ (ജി.പി.ആർ) പഠനത്തിൽ തുരങ്കത്തിന്റെ അവസാന 10-15 മീറ്ററിൽ ചില മൃദുവായ വസ്തുക്കൾ കണ്ടെത്തിയെന്ന വാർത്തയ്ക്കെതിരെ ജില്ലാ കളക്ടർ ബി. സന്തോഷ് രംഗത്തെത്തി. ചില മൃതദേഹങ്ങൾ കണ്ടെത്തിയതായി വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് ശരിയല്ല. അത്തരത്തിൽ എന്തെങ്കിലും വാർത്തകളുണ്ടെങ്കിൽ കളക്ടറുടെ ഭാഗത്ത് നിന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാക്ഷാപ്രവർത്തനത്തിന് 500ലധികം പേരെയാണ് സ്ഥലത്ത് നിയോഗിച്ചിരിക്കുന്നത്. ഫെബ്രുവരി 22നാണ് നാഗർകൂർണൂൽ ജില്ലയിലെ ദൊമലപെന്റയിൽ നിർമ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണത്.
രണ്ട് എൻജിനിയർമാർ അടക്കം എട്ട് തൊഴിലാളികളാണ് കുടുങ്ങിയത്. കുറച്ചുനാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാതിരുന്ന തുരങ്കത്തിൽ വീണ്ടും നിർമ്മാണം ആരംഭിക്കുകയായിരുന്നു.
ഓപ്പറേഷൻ വൈകുന്നില്ല
ആർമി, എൻ.ഡി.ആർ.എഫ്, റാറ്റ് മൈനേഴ്സ് തുടങ്ങി പതിനൊന്നോളം ഏജൻസികളുടെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ ഏർപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ വൈകുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ വിമർശനത്തിനെതിരേയും അദ്ദേഹം രംഗത്തെത്തി. ഉദ്യമത്തിൽ ഏർപ്പെട്ടിരിക്കുന്നവർ വിദഗ്ദ്ധരാണെന്നും എന്നാൽ തുരങ്കത്തിനുള്ളിലെ ചെളി ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് രക്ഷാപ്രവർത്തനം സങ്കീർണമാണെന്നും എക്സൈസ് മന്ത്രി കൃഷ്ണ റാവു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |