റായ്പൂർ: ഛത്തീസ്ഗഢിലെ സുക്മയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തു. തെരച്ചിൽ തുടരുകയാണ്. കിസ്‌താരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വനത്തിൽ ഇന്നലെ രാവിലെയാണ് വെടിവയ്പുണ്ടായതെന്ന് സുക്മ പൊലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് സുരക്ഷാസേനയും ഛത്തീസ്ഗഢ് പൊലീസും സംയുക്തമായി സ്ഥലത്ത് തെരച്ചിൽ നടത്തുകയായിരുന്നു. സൈന്യത്തെ കണ്ടതോടെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ റിസർവ് ഗാർഡും സി.ആർ.പി.എഫിന്റെ കോബ്രാ യൂണിറ്റും ഓപ്പറേഷന്റെ ഭാഗമായി. ഈ ഏറ്റുമുട്ടലോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 83 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടുവെന്നും കിരൺ പറഞ്ഞു.
അതിനിടെ,കഴിഞ്ഞ ദിവസം ദമ്പതികൾ ഉൾപ്പെടെ ഏഴ് മാവോയിസ്റ്റുകൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 2021ൽ 22 സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ നഷ്ടപ്പെട്ട തെകുൽഗുഡ ആക്രമണത്തിൽ ഉൾപ്പെട്ടവരാണ് കീഴടങ്ങിയത്.
അതേസമയം, കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മാവോയിസ്‌റ്റ് വേട്ട നടന്നിരുന്നു. 'മാദ് ബച്ചാവോ അഭിയാൻ അഥവാ സേവ് മാദ് ക്യാമ്പെയിൻ' എന്ന പേരിൽ അബുജമദിൽ സുരക്ഷാ സേന വൻ ഓപ്പറേഷനുകൾ നടത്തുകയും മാദിലും പരിസര പ്രദേശങ്ങളിലും നൂറിലധികം മാവോയിസ്‌റ്റുകളെ വധിക്കുകയും ചെയ്‌തിരുന്നു.
ബസ്തർ മേഖലയിലെ ഒന്നാകെ കണക്കെടുത്താൽ ഇരുന്നൂറിന് മുകളിൽ മാവോയിസ്‌റ്റുകൾ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. എന്നാൽ അതിനെ കടത്തിവെട്ടുന്ന കണക്കുകളാണ് ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം വന്നിരിക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് നക്‌സലുകളെ അമർച്ച ചെയ്യാൻ ശക്തമായ പദ്ധതികൾ തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |