ലക്നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടത് ആശങ്കയായി. ചന്ദൗലിയിൽ നിന്ന് ഒഡീഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്‌സ്‌പ്രസിലായിരുന്നു അപകടം. കോച്ചുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഹുക്ക് സംവിധാനമായ
കപ്ലിംഗ് തകരാറിലായതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ റെയിൽവേ സ്റ്റേഷന് സമീപം എത്തിയപ്പോഴായിരുന്നു കോച്ചുകൾ വേർപെട്ടത്. സ്റ്റേഷനിലേക്ക് അടുക്കുന്നതിനാൽ ട്രെയിനിന്റെ വേഗത കുറവായിരുന്നു. ഇത് വലിയ ദുരന്തം ഒഴിവാക്കി. ട്രെയിനിന്റെ എസ് 4, എസ് 5 കോച്ചുകളെ ബന്ധിപ്പിക്കുന്ന കപ്ലിംഗാണ് വേർപെട്ടത്. പുരിയിൽനിന്നു ന്യൂഡൽഹിയിലേക്കു പോകുകയായിരുന്ന ട്രെയിൻ മൂന്നു മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്. വേർപെട്ട കോച്ചുകളിൽനിന്നു യാത്രക്കാരെ മറ്റു കോച്ചുകളിലേക്കു മാറ്റിയശേഷം ബോഗികൾ പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യായ സ്റ്റേഷനിൽ എത്തിച്ചു. നാലു മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |