ന്യൂഡൽഹി: യു.എസുമായുള്ള ഇറക്കുമതി തീരുവ വിഷയത്തിലെ തർക്കത്തിൽ സെപ്തംബർ വരെ ഇന്ത്യയുടെ വാണിജ്യ മന്ത്രാലയം സാവകാശം തേടി. വിദേശകാര്യ മന്ത്രാലയത്തിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ഇക്കാര്യം അറിയിച്ചു. വിഷയത്തിൽ യു.എസിന് ഒരുറപ്പും നൽകിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങളുടെ കനത്ത തീരുവ തിരിച്ചും ബാധകമാക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയുടെ പശ്‌ചാത്തലത്തിൽ ശശി തരൂർ എം.പി അദ്ധ്യക്ഷനായ കമ്മിറ്റി വാണിജ്യ മന്ത്രാലയത്തിൽ നിന്ന് വിശദീകരണം തേടിയിരുന്നു. ഇരുരാജ്യങ്ങൾക്കും പരസ്പരം പ്രയോജനകരമായ ഉഭയകക്ഷി വ്യാപാര കരാറിനായി ശ്രമിക്കുകയാണെന്നും ദീർഘകാല വ്യാപാര സഹകരണമാണ് ലക്ഷ്യമെന്നും സുനിൽ ബർത്ത്‌വാൾ അറിയിച്ചു. വ്യാപാര കരാറിനായുള്ള ചർച്ചകളിൽ രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും. ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള നടപടികൾക്കായി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വാണിജ്യ സെക്രട്ടറിയും വിദേശകാര്യ സെക്രട്ടറിയുമായ വിക്രം മിസ്രിയെയും വിളിച്ചുവരുത്തിയിരുന്നു. ചൈന അതിർത്തിയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ആശങ്ക വേണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. നേരിട്ടുള്ള വിമാന സർവീസുകൾ, സന്ദർശക വിസ, മാദ്ധ്യമപ്രവർത്തകരെ വിന്യസിക്കൽ എന്നിവയിലൂടെ ഇന്ത്യയുമായി പൂർണതോതിലുള്ള ബന്ധം പുനഃസ്ഥാപിക്കാനാണ് ചൈന ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |