ബംഗളൂരു: കർണാടക മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ (68) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ അറസ്റ്രിൽ. കുടുംബ വഴക്കാണ് കാരണമെന്ന് കരുതുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് പൊലീസിന് ആദ്യമേ വ്യക്തമായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ കസ്റ്രഡിയിലെടുത്തിരുന്നു. പല്ലവിയേയും മകളേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് എത്തുമ്പോൾ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയിൽ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ആർക്കെല്ലാം പങ്കുണ്ട് എന്നിവയറിയാൻ എല്ലാവരേയും വിശദമായി ചോദ്യം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. അസാധാരണമായ മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഓം പ്രകാശ്. കർണാടക കേഡർ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതൽ സംസ്ഥാനത്തെ ഡി.ജി ആൻഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ൽ വിരമിച്ചു.
'ആ പിശാചിനെ കൊന്നു"
ദീർഘകാലമായി ഓം പ്രകാശും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്.
ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നതായി പല തവണ ഓംപ്രകാശിന്റെ സഹപ്രവർത്തകരോട് പല്ലവി പറഞ്ഞിരുന്നു. തന്നെ വിഷം നൽകി കൊലപ്പെടുത്താൻ ഓം പ്രകാശ് ശ്രമിച്ചതായി ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പല്ലവി പറഞ്ഞതായും റിപ്പോർട്ടുണ്ട്.
വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യയായ സുഹൃത്തിനെ പല്ലവി വീഡിയോകാൾ ചെയ്ത് താൻ 'ആ പിശാചിനെ കൊന്നു 'എന്നു പറഞ്ഞു.
ആ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |