
വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രശസ്‌ത നഗരത്തിലെ തെരുവിന് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി അന്തരിച്ച ബീഗം ഖാലിദ സിയയുടെ പേര് നൽകി ആദരം. മിഷിഗണിലെ ഹാംട്രാക്ക് പട്ടണത്തിലുള്ള കാർപെന്റർ തെരുവിനാണ് ഖാലിദ സിയ തെരുവ് എന്ന പേര് നൽകിയിരിക്കുന്നത്. അമേരിക്കയിലെ ആദ്യ മുസ്‌ലീം ഭൂരിപക്ഷ നഗരമാണ് ഹാംട്രാക്ക്. കൂടാതെ മുസ്‌ലീം ഭരണസമിതിയുള്ള ആദ്യത്തെ യുഎസ് നഗരം കൂടിയാണിത്.
2013ലാണ് ഹാംട്രാക്ക് മുസ്‌ലീം ഭൂരിപക്ഷ നഗരമായി മാറിയത്. 2015ൽ മുസ്‌ലീം ഭൂരിപക്ഷ ഭരണസമിതി രൂപീകരിച്ചു. 2022ൽ ഹാംട്രാക്ക് പൂർണമായും മുസ്‌ലീം നഗര ഭരണസമിതിയുള്ള ആദ്യത്തെ യുഎസ് നഗരമായി മാറി. ഭരണസമിതിയിലുള്ള നാല് ബംഗ്ളാദേശി കൗൺസിലർമാരുടെ ശ്രമഫലമായാണ് തെരുവിന് ഖാലിദ സിയയുടെ പേര് നൽകിയത്. നേരത്തെ ഷിക്കാഗോയിലെ റോഡിന് ബംഗ്ളാദേശ് മുൻ പ്രസിഡന്റും ഖാലിദ സിയയുടെ ഭർത്താവുമായ സിയൂർ റഹ്മാന്റെ പേര് നൽകിയിരുന്നു.
മിഷിഗണിലെ വെയ്ൻ കൗണ്ടിയിലുള്ള നഗരമാണ് ഹാംട്രാക്ക്. അമേരിക്കയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ ഹൃദയമായ ഡെട്രോയിറ്റിനുള്ളിലെ ഒരു എൻക്ലേവാണിത്. 2020ലെ സെൻസസ് അനുസരിച്ച് 28,433 ജനസംഖ്യയാണ് ഇവിടെയുള്ളത്. സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മുനിസിപ്പാലിറ്റി കൂടിയാണിത്. 1990കൾ മുതലാണ് യെമനിൽ നിന്നും ബംഗ്ളാദേശിൽ നിന്നുമുള്ള മുസ്‌ലീം വിഭാഗക്കാർ ഹാംട്രാക്കിലേയ്ക്ക് എത്തിത്തുടങ്ങിയത്.
കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം മിഷിഗണിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരുള്ള നഗരം ഹാംട്രാക്ക് ആണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ബംഗ്ലാദേശി കുടിയേറ്റക്കാർ ഉള്ളതും ഡിയർബോണിന് ശേഷം ഏറ്റവും കൂടുതൽ അറബ് നിവാസികളുള്ള രണ്ടാമത്തെ നഗരവും ഹാംട്രാക്ക് തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |