
കൊൽക്കത്ത: റെയ്ഡുമായി ബന്ധപ്പെട്ട് തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള പോര് രൂക്ഷമായി. ഇ.ഡിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ പ്രതിഷേധ റാലി നടന്നു. ജാദവ്പൂരിലെ 8 ബി ബസ് സ്റ്റാൻഡിന് സമീപം നടന്ന റാലിയിൽ തൃണമൂൽ നേതാക്കളും അണികളും തൊഴിലാളികളും അണിനിരന്നു. കേന്ദ്ര ഏജൻസികൾ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. റെയ്ഡിനിടെ പാർട്ടിയുടെ ഡാറ്റയും തിരഞ്ഞെടുപ്പ് തന്ത്രവും കൈക്കലാക്കാൻ ഏജൻസി ശ്രമിച്ചതായി ടി.എം.സി ആരോപിച്ചു. അതിനിടെ സമാധാനപരമായി നടന്ന പ്രകടനം പൊലീസ് തടഞ്ഞതായി നേതാക്കൾ ആരോപിച്ചു.
ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ജയിക്കുകയെന്നതാണ് ബി.ജെ.പിയുടെ ആവശ്യമെന്നും അതിനായി അവർ സാദ്ധ്യ മായ എല്ലാമാർഗങ്ങളും ഉപയോഗിക്കുകയാണെന്നും മമത ആരോപിച്ചു. തൃണമൂലും മമതയും അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു. ഇ.ഡി ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മമതയെ പ്രതിയാക്കി കേസെടുക്കണമെന്നും പറഞ്ഞു.
ഹർജികൾ പരിഗണിച്ചില്ല
ജസ്റ്റിസ് ഇറങ്ങിപ്പോയി
ഐപാക് റെയ്ഡുമായി ബന്ധപ്പെട്ട ഹർജികൾ കൽക്കട്ട ഹൈക്കോടതി ഇന്നലെ പരിഗണിച്ചില്ല. കോടതിമുറിയിലെ നിയന്ത്രണാതീതമായ ജനത്തിരക്ക് ചൂണ്ടിക്കാട്ടി ജസ്റ്റിസ് സുവ്രഘോഷ് കോടതിമുറിയിൽനിന്ന് ഇറങ്ങിപ്പോയി. ഇതോടെയാണ് ഹർജികൾ പരിഗണിക്കാതിരുന്നത്. ബുധനാഴ്ച പരിഗണിക്കും.
കഴിഞ്ഞദിവസമാണ് ഐപാക് ഓഫീസിലും ഐപാക് ഡയറക്ടർ പ്രതിക് ജയിനിന്റെ വീട്ടിലും ഇ.ഡി റെയ്ഡ് നടത്തിയത്. മമത പൊലീസുമായി ഇവിടെത്തുകയും ലാപ്‌ടോപ്പുകളും ഫയലുകളുമായി മടങ്ങുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |