
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് കേരളകൗമുദി പുറത്തിറക്കിയ 'ശ്രീപദ്മനാഭം" പുസ്തകം തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന സ്പിരിച്വൽ ടൂറിസത്തിനുള്ള വഴികാട്ടിയാണെന്ന് മേയർ വി.വി.രാജേഷ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ബീമാപള്ളി, വെട്ടുകാട് പള്ളി എന്നിവയെ കണക്ട് ചെയ്ത് സാംസ്കാരിക മന്ത്രാലയവുമായി ചേർന്ന് വിദേശരാജ്യങ്ങളിൽ പ്രചാരണം നടത്തിയാൽ സ്പിരിച്വൽ ടൂറിസത്തിന് വലിയ സാദ്ധ്യതകളുണ്ടാകും. നമ്മുടെ സംസ്കാരവും തൊഴിൽ സാദ്ധ്യതകളും വർദ്ധിക്കുമെന്നും മേയർ പറഞ്ഞു.
കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ 'ശ്രീപദ്മനാഭം" കോഫി ടേബിൾ ബുക്കിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിന് മുമ്പ് നഗരത്തിലെ വിവിധ വികസന പദ്ധതികളുടെ ഭാഗമായി തങ്ങൾ മുന്നോട്ടുവെച്ച പദ്ധതിയാണ് സ്പിരിച്വൽ ടൂറിസം. അതിന്റെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നതാണ് ഈ പുസ്തകം. ചെറുപ്പകാലം മുതൽ കേരളകൗമുദി വായിച്ചാണ് വളർന്നത്. അത് പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും മേയർ പറഞ്ഞു.
ഒരുപാട് സമ്പത്തുണ്ടായിരുന്നിട്ടും തങ്ങളുടെ ആവശ്യത്തിനു കുറച്ചുപയോഗിച്ചിട്ട് ഭാവിതലമുറയ്ക്കുവേണ്ടി മാറ്റിവച്ച സംസ്കാരമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റേത്. ക്ഷേത്രത്തിലെ സ്വർണശേഖരം അതിനു തെളിവാണ് . അതിന്റെ സുരക്ഷ ഈശ്വരനെ തന്നെയാണ് ഏൽപ്പിച്ചതെന്നാണ് ശ്രദ്ധേയം.
ഒരു കോർപ്പറേഷനിലെ മുഴുവൻ കൗൺസിലർമാരെയും ക്ഷണിച്ച് നഗരത്തിന്റെ വികസന കാര്യങ്ങളെ കുറിച്ച് ഗവർണർ ചർച്ച നടത്തുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി നടത്തുന്ന ചർച്ച നഗരത്തിന്റെ വികസന മുന്നേറ്റത്തിൽ പുതിയ അദ്ധ്യായമാകുമെന്നും വി.വി.രാജേഷ് കൂട്ടിച്ചേർത്തു.
പദ്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തിന്റെ അഭിമാനമാണെന്നും അതിന്റെ സാധ്യതകൾ നഗരവികസനത്തിന് പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും മേയർ പറഞ്ഞു. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് സ്വാഗതം പറഞ്ഞു. പരസ്യവിഭാഗം ചീഫ് മാനേജർ എസ്.വിമൽകുമാർ പങ്കെടുത്തു.
സാമൂഹ്യസാമ്പത്തിക മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളേയും ഗവർണർ ആദരിച്ചു.
അനന്തപുരി ഹോസ്പിറ്റൽ സി.എം.ഡി. ഡോ.മാർത്താണ്ഡ പിള്ള, എസ്.കെ.ഹോസ്പിറ്റൽ സി.എം.ഡി.കെ.എൻ.ശിവൻകുട്ടി, ജി.ജി ഹോസ്പിറ്റൽ എം.ഡി.ഡോ.ഷീജ ജി.മനോജ്, മോർഫൗസ് എഡ്യുകെയർ ഇന്റർനാഷണൽ സ്ഥാപകൻ കെ.സോമശങ്കർ,ജ്യോതിഷരത്നം ജയനാരായണൻ,കോർണർസ്റ്റോൺ ഹോസ്പിറ്റൽ സി.എം.ഡി.ഡോ.തോമസ് ഈപ്പൻ പണിക്കർ, റിഎനർജി സിസ്റ്റംസ് എം.ഡി.റോയ് ക്രിസ്റ്റി,അഗ്രി ഹോർട്ടികൾച്ചർ ഡവലപ്മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ സഞ്ജു ഉണ്ണിത്തൻ,ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി ചെയർമാൻ രജനീഷ്,സുവർണ്ണരാഗം ടെക് സ്റ്റൈയിൽസ് എം.ഡി.അനിൽസുവർണ്ണരാഗം,സിന്ധു സുവർണ്ണരാഗം, ചോത്തീസ് ഗ്രൂപ്പ് എം.ഡി.ബി.കാർത്തികേശൻനായർ, ദർശന ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എസ്.എം.രാകേന്ദു, വ്യവസായി പോൾരാജ്, വാസ്തു കൺസൾട്ടന്റ് സതികുമാർ,ആനന്ദ് വി.വിജയൻനായർ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.വി.കെ.ഗോപിനാഥ്, അഡ്വ. ഗിരിജ പ്രദീപ്, സ്കിൻ ആൻഡ് ഹെയർ ക്ളിനിക് ഡയറക്ടർ മിനി ടൈറ്റസ് തുടങ്ങിയവരെയാണ് ആദരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |