തിരുവനന്തപുരം: കാശ്മീരിന്റെ കിഴക്കും പടിഞ്ഞാറും അതിർത്തികൾ നിരീക്ഷിക്കാൻ മാത്രമായി തയ്യാറാക്കിയ ആർ.ഐ.സാറ്റ് 1ബി ഉപഗ്രഹത്തിന്റെ വിക്ഷേപണം പൂർത്തിയാക്കാനായില്ല. ഇന്നലെ രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പി.എസ്.എൽ.വി.യുടെ എക്സ് എൽ പതിപ്പായ സി.61 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. നാലു ഘട്ടങ്ങളുള്ള റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിലെ പിഴവാണ് കാരണമെന്ന് ഐ.എസ്.ആർ.ഒ സ്ഥിരീകരിച്ചു. കാരണങ്ങൾ പഠിച്ച് പരിഹരിച്ചശേഷം പുതിയ വിക്ഷേപണം നടത്തും. വിക്ഷേപണപരാജയത്തെക്കുറിച്ച് അന്വേഷണത്തിന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.വി. നാരായണൻ ഉത്തരവിട്ടു.
ചെറിയ പിഴവ്
മൂന്നാംഘട്ടത്തിലെ ചേംബറിലെ മർദ്ദവും മോട്ടോറിലെ മർദ്ദവും തമ്മിലുള്ള അനുപാത വ്യത്യാസമാണ് ദൗത്യം പരാജയത്തിലാക്കിയത്. ഇതിനു കാരണമായത് ഈ ചേംബറിലെ നോസിലിലെ ചെറിയ പിഴവാണെന്നാണ് പ്രാഥമിക അനുമാനം.നോസിലിലെ ചോർച്ച ഇന്ധനം ജ്വലിക്കുമ്പോഴുണ്ടാക്കേണ്ട മർദ്ദം കുറച്ചു.ഈ മർദ്ദത്തിന്റെ ശക്തിയിലാണ് റോക്കറ്റിന് മുന്നോട്ട് കുതിക്കാനുള്ള പ്രവേഗം ലഭിക്കുന്നത്.മർദ്ദം കുറഞ്ഞതോടെ അതുണ്ടായില്ല.
പ്രശ്നം തിരക്ക് ?
കാശ്മീർ പ്രശ്ന സാഹചര്യത്തിൽ തിരക്കുപിടിച്ചാണ് വിക്ഷേപണം നിശ്ചയിച്ചത്. പതിവ് സൂഷ്മപരിശോധനകൾ അതിവേഗം പൂർത്തിയാക്കിയാണ് റോക്കറ്റും ഉപഗ്രഹവും വിക്ഷേപണത്തിന് ഒരുക്കിയത്. അതുകൊണ്ടുണ്ടായ നോട്ടക്കുറവാണെന്നാണ് കരുതുന്നത്.കാശ്മീരിനായുള്ള ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടത് ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കടുത്ത അന്വേഷണവും ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |