ന്യൂഡൽഹി: വീണ്ടും തലപൊക്കിയാൽ ഒളിത്താവളത്തിൽ നിന്ന് പുറത്തെടുത്ത് ഉന്മൂലനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്‌ക്കെതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും പറഞ്ഞു. ബീഹാറിൽ 48,520 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിന് ശേഷം ബീഹാറിലെ പൊതുപരിപാടിയിൽ വച്ചാണ് തിരിച്ചടി നൽകുമെന്ന് പറഞ്ഞതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇരകൾക്ക് നീതി ലഭിക്കുമെന്നും ഭീകരതയുടെ സൂത്രധാരന്മാർക്ക് സങ്കൽപ്പിക്കാനാവാത്ത ശിക്ഷ നൽകുമെന്നും രാജ്യത്തോട് പറഞ്ഞു. ആ പ്രതിജ്ഞ നിറവേറ്റിയ ശേഷമാണ് വീണ്ടുമെത്തിയത്.
പാകിസ്ഥാനിലിരുന്ന് സഹോദരിമാരുടെ സിന്ദൂരം മായ്ച്ചവരുടെ ഒളിത്താവളങ്ങൾ നമ്മുടെ സായുധസേന നാമാവശേഷമാക്കി. പാക് സൈന്യത്തിന്റെ സംരക്ഷണയിൽ സുരക്ഷിതരാണെന്ന് കരുതിയ ഭീകരരെ സൈന്യം നിർണായക നടപടിയിലൂടെ മുട്ടുകുത്തിച്ചു. ഇത് അപാരമായ ശക്തിയും പ്രതിരോധശേഷിയുമുള്ള പുതിയ ഇന്ത്യയാണ്. ഒന്നും അവസാനിച്ചിട്ടില്ല. ഇന്ത്യയ്‌ക്കുനേരെ തലയുയർത്തിയാൽ ഉന്മൂലനം ചെയ്യും.
ബ്രഹ്മോസ് നൽകിയത്
ഉറക്കമില്ലാത്ത രാത്രികൾ
ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് നൽകിയത് ഉറക്കമില്ലാത്ത രാത്രികളാണെന്ന് മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചു. ഉത്തർപ്രദേശിലെ കാൺപുരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മോസ് ഭീകര കേന്ദ്രങ്ങളിൽ കടന്നുചെന്നു. നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരരെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യംകാണിച്ചു. പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല -മോദി പറഞ്ഞു.
സുരക്ഷാ നയം
മൂന്നിനങ്ങളിൽ
1 ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണത്തിന് അതിശക്ത മറുപടി. ഭീകര കേന്ദ്രങ്ങളെ നശിപ്പിക്കും
2 ആണവായുധ ഭീഷണികൾക്ക് ഭയപ്പെടില്ല. അതിന്റെ മറവിൽ പ്രവർത്തിക്കുന്നതെന്തും ആക്രമിക്കും
3 ഭീകരരെയും അവരെ പിന്തുണയ്ക്കുന്ന സർക്കാരുകളെയും വേറിട്ട് കാണില്ല
മാവോയിസം
ഇല്ലാതാക്കും
രാജ്യത്തെ ചില ഭാഗങ്ങളെ ബാധിച്ച മാവോയിസ്റ്റ് പ്രവർത്തനവും പൂർണമായി ഇല്ലാതാക്കുമെന്ന് മോദി പറഞ്ഞു. 2014ന് മുമ്പ് ഇന്ത്യയിലെ 125 ലധികം ജില്ലകളിൽ മാവോയിസം ബാധിച്ചു. ഇന്നത് 18 ജില്ലകളിലായി കുറഞ്ഞു. ബീഹാറിലെ സാസാരാം, കൈമൂർ, സമീപ ജില്ലകൾ ഒരുകാലത്ത് മാവോയിസ്റ്റ് ഭീഷണി നേരിട്ടിരുന്നു. ഭീഷണി പൂർണമായും ഇല്ലാതാക്കുന്ന ദിവസം വിദൂരമല്ല. ആ പ്രദേശങ്ങളിൽ തടസമില്ലാത്ത സമാധാനം, സുരക്ഷ, വിദ്യാഭ്യാസം, വികസനം എന്നിവ ഉറപ്പാക്കും.
ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്ര മന്ത്രിമാരായ ജിതൻ റാം മാഞ്ചി, ഗിരിരാജ് സിംഗ്, രാജീവ് രഞ്ജൻ സിംഗ്, ചിരാഗ് പാസ്വാൻ, നിത്യാനന്ദ് റായ്, സതീഷ് ചന്ദ്ര ദുബെ, ഡോ. രാജ് ഭൂഷൺ ചൗധരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |