ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച സുദർശന ചക്ര സുരക്ഷാ കവചത്തിൽ റഷ്യയിൽ നിന്നുള്ള എസ്-400 വ്യോമ പ്രതിരോധ സംവിധാനവും ഉൾപ്പെടുത്തിയേക്കും. 2018ലെ കരാർ പ്രകാരം ലഭിക്കാനുള്ള രണ്ടെണ്ണത്തിന് പുറമെ കൂടുതൽ യൂണിറ്റുകൾ വാങ്ങാനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ആക്രമങ്ങളെ ചെറുത്ത് അതിർത്തിയിൽ അഭേദ്യ കവചം തീർത്ത് കഴിവു തെളിയിച്ച എസ്-400ൽ ഇന്ത്യയ്‌ക്ക് വിശ്വാസം വർദ്ധിച്ചതോടെയാണിത്.
ഇന്ത്യ നിലവിൽ എസ്-400 ഉപയോഗിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട സഹകരണം വർദ്ധിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും റഷ്യയുടെ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോ-ഓപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു. പുതിയ കരാർ ചർച്ചാ ഘട്ടത്തിലാണെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ചൈനയിലെ ടിയാൻജിനിൽ എസ്.സി.ഒ ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രതിരോധ സഹകരണവും വിഷയമായിരുന്നു.
ലഭിക്കാനുള്ള രണ്ട് യൂണിറ്റുകൾ 2027നുള്ളിൽ ഇന്ത്യയിലെത്തും. വിതരണം വേഗത്തിലാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ റഷ്യ സന്ദർശനത്തിൽ ചർച്ച നടത്തിയിരുന്നു. അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണി തള്ളി 2018ലാണ് 39,000 കോടിയുടെ അഞ്ച് എസ് - 400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനത്തിനുള്ള കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പിട്ടത്.
എസ്-400
600 കിലോമീറ്റർ വരെ അകലത്തിൽ 'ശത്രു'വിനെ കണ്ടെത്തും. ഒരേസമയം 100 ലധികം ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യും. ബോംബറുകൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, നിരീക്ഷണ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ നശിപ്പിക്കും. ഒരു യൂണിറ്റിൽ നാല് മിസൈൽ ട്യൂബുകൾ വീതമുള്ള എട്ട് ലോഞ്ചറുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |