ന്യൂഡൽഹി: സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്ന കരാറുകളിൽ ഇരുനേതാക്കളും ഒപ്പുവയ്ക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ലോറൻസ് കൂടിക്കാഴ്ച നടത്തും.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് ലോറൻസ് ഡൽഹിയിലെത്തിയത്. അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഭാര്യ ലൂ സെ ലുയിക്കൊപ്പം ഇന്നലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ലോറൻസ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം, നിക്ഷേപം, ആരോഗ്യപരിപാലനം, നൈപുണ്യ വികസനം, കണക്റ്റിവിറ്റി തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നത് ചർച്ചയായതായി ധനകാര്യ മന്ത്രലായം എക്സിലൂടെ അറിയിച്ചു.
അതേസമയം,ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള നയതന്ത്രബന്ധം 60 വർഷം പൂർത്തിയാക്കുന്ന സമയത്താണ് സിംഗപ്പൂർ പ്രധാനമന്ത്രിയുടെ നിർണായക സന്ദർശനം. സിംഗപ്പൂർ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണൻ, ഗതാഗത-ധനകാര്യ മന്ത്രി ജെഫ്‌റി സിയോവ്, വാണിജ്യ-വ്യവസായ മന്ത്രി ഗാൻ സിയോ ഹുവാംഗ് എന്നിവരുമുണ്ടായിരുന്നു. സിംഗപ്പൂർ ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശനത്തോടെ ഉഭയകക്ഷിബന്ധം സമഗ്രമായ നയതന്ത്ര പങ്കാളിത്തമായി വളർന്നിരുന്നു. സിംഗപ്പൂർ 8,800 കോടി നിക്ഷേപിച്ച മഹാരാഷ്ട്രയിലെ കണ്ടെയ്‌നർ ടെർമിനൽ ലോറൻസും മോദിയും ചേർന്ന് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |