തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് ഡിസിസി ഓഫീസിൽ സുജിത്തിനെ കാണും. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റുന്നതുവരെ പോരാട്ടം തുടരുമെന്നാണ് സുജിത്ത് ഇന്നലെ വ്യക്തമാക്കിയത്. ശക്തമായ നടപടി എടുക്കാത്ത സാഹചര്യത്തിൽ സെപ്റ്റംബർ പത്തിന് കുറ്റക്കാരായ പൊലീസുകാർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്ക് പ്രതിഷേധവുമായി എത്തുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ നിയമപോരാട്ടത്തിലൂടെ പുറത്തുവന്നതോടെയാണ് സത്യാവസ്ഥ മനസിലായത്. വഴിയരികിൽ നിന്ന് സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോട് സുജിത്ത് വിവരം അന്വേഷിച്ചിരുന്നു. ഇത് ഇഷ്ടപ്പെടാതെ വന്ന എസ്‌ഐ നുഹ്മാൻ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നുഹ്‌മാനെ കൂടാതെ സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഡിഐജി ഹരിശങ്കർ ഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. കോടതി ഉത്തരവിനുശേഷം തുടർനടപടിയാകാമെന്നാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. യുവാവിനെ കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുളളൂവെന്നാണ് റിപ്പോർട്ടിലുളളത്. പരാതി ഉയർന്ന അന്നുതന്നെ നടപടിയെടുത്തെന്നും നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വർഷത്തേക്കുളള ഇൻക്രിമെന്റ് റദ്ദാക്കിയെന്നും സ്ഥലം മാറ്റലടക്കമുളള നടപടി സ്വീകരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
സുജിത്തും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'നാട്ടിലെ കുട്ടികൾ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ക്ലബിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പൊലീസ് വന്നത്. കുട്ടികൾ എന്നെ വിളിക്കുകയായിരുന്നു. പൊലീസുകാർ മോശമായാണ് സംസാരിച്ചത്. എന്തിനാണ് മോശമായി സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ഞാനാരാ എന്ന് അവർ ചോദിച്ചു. പൊതുപ്രവർത്തകനാണെന്ന് പറഞ്ഞതാണ്. അപ്പോൾ തന്നെ അവർ എന്റെ ഷർട്ട് വലിച്ചുകീറി. വണ്ടിയിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസിടിവി ഇല്ലാത്ത സ്ഥലത്ത് കൊണ്ടുപോയിട്ടും മർദ്ദിച്ചു'- സുജിത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |