ബീജിംഗ്: ചൈനയെ ആർക്കും ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ചൈനയുടെ ഉയർച്ചയെ ആർക്കും തടയാനാവില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. ഇന്നലെ ബീജിംഗിൽ നടന്ന വമ്പൻ വിജയ ദിന മിലിട്ടറി പരേഡിലായിരുന്നു ഷീയുടെ പ്രഖ്യാപനം.
10,000ത്തിലേറെ സൈനികരെയും ഹൈപ്പർസോണിക് മിസൈലുകൾ, അണ്ടർവാട്ടർ ഡ്രോണുകൾ തുടങ്ങിയ അത്യാധുനിക ആയുധങ്ങളെയും അണിനിരത്തി ചൈനയുടെ സൈനിക കരുത്ത് പ്രകടമാക്കിയ പരേഡിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നും ഷീയ്ക്കൊപ്പം സാക്ഷിയായി.
പുട്ടിനും കിമ്മും അടക്കം 20ലേറെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണത്തെ പരേഡിൽ അതിഥികളായെത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്കുള്ള മറുപടി കൂടിയായിരുന്നു പരേഡ്. സമാധാനം അല്ലെങ്കിൽ യുദ്ധം, എന്ന തിരഞ്ഞെടുപ്പിന് നടുവിലാണ് ഇന്ന് മനുഷ്യരാശിയെന്നും പരേഡ് കാണാൻ ടിയാനാൻമെൻ സ്‌ക്വയറിൽ എത്തിയ 50,000ത്തിലേറെ പേരെ അഭിസംബോധന ചെയ്യവെ ഷീ പറഞ്ഞു.
70 മിനിറ്റ് നീണ്ട പരേഡ് 80,000 സമാധാന പ്രാവുകളെയും വർണാഭമായ ബലൂണുകളെയും ആകാശത്തേക്ക് പറത്തിവിട്ടുക്കൊണ്ടാണ് അവസാനിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യം അടയാളപ്പെടുത്താനാണ് ചൈന വിജയ ദിന പരേഡ് നടത്തുന്നത്.
കിമ്മിനൊപ്പം മകളും ചൈനയിൽ
ആദ്യമായാണ് ഒന്നിലേറെ വിദേശ രാഷ്ട്രത്തലവൻമാരുമായി കിം ജോംഗ് ഉൻ വേദി പങ്കിട്ടത്. 1959ന് ശേഷം ഒരു ഉത്തര കൊറിയൻ നേതാവ് ചൈനീസ് മിലിട്ടറി പരേഡിൽ പങ്കെടുക്കുന്നത് ആദ്യമാണ്. കിമ്മിനൊപ്പം മകൾ ജൂ ഏയും ചൈനയിൽ എത്തിയിട്ടുണ്ട്. ഇതോടെ കിമ്മിന്റെ പിൻഗാമിയായി മകൾ ജൂ ഏ എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി. കൗമാരക്കാരിയായ ജൂ, ഉത്തര കൊറിയയിലെ മിസൈൽ വിക്ഷേപണം അടക്കം പരിപാടികളിൽ കിമ്മിനൊപ്പം പ്രത്യക്ഷപ്പെടാറുണ്ട്.
ട്രംപ് രംഗത്ത്
ഷീയ്ക്കെതിരെ ട്രംപ് രംഗത്തെത്തി. ഷീയും പുട്ടിനും കിമ്മും ചേർന്ന് യു.എസിനെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് ട്രംപ് ആരോപിച്ചു. രണ്ടാം ലോകമഹായുദ്ധ സമയത്ത് ചൈനയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ അമേരിക്കക്കാർ വലിയ വില നൽകിയിട്ടുണ്ടെന്നും ട്രംപ് വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |