ന്യൂഡൽഹി: 'ഇന്ത്യയുടെ ടൈഗർ മാൻ' എന്നറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വാൽമീക് ഥാപറിന് (73) വിട. ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. ഏറെ നാളായി ക്യാൻസർ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 3:30ന് ലോഥി വൈദ്യുതി ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.
വന്യജീവി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ഥാപർ, കടുവകളുടെ സംരക്ഷണത്തിനാണ് ഊന്നൽ നൽകിയത്. 1988ൽ വന്യജീവി സംരക്ഷണത്തിനായി രന്തംഭോർ ഫൗണ്ടേഷൻ സ്ഥാപിച്ചു. കടുവ വേട്ടയ്‌ക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്നും കടുവകൾക്കായി പ്രകൃതിദത്ത ആവാസ വ്യവസ്ഥകളൊകരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ വന്യജീവി ബോർഡ് ഉൾപ്പെടെ 150ലധികം സർക്കാർ പാനലുകളിലും ടാസ്‌ക് ഫോഴ്‌സുകളിലും ഥാപർ സേവനമനുഷ്ഠിച്ചു. 2005ൽ, സരിസ്ക ടൈഗർ റിസർവിൽ നിന്ന് കടുവകൾ അപ്രത്യക്ഷമായതിനുപിന്നാലെ രപീകരിച്ച ടൈഗർ ടാസ്‌ക് ഫോഴ്‌സിൽ നിയമിതനായി. പരിസ്ഥിതി പ്രവർത്തക സുനിത നരേൻ അദ്ധ്യക്ഷയായ ടാസ്‌ക് ഫോഴ്‌സിന്റെ അന്തിമ റിപ്പോർട്ട് മനുഷ്യ-മൃഗ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും, അത് കടുവകളെ അപകടത്തിലാക്കുമെന്ന് ഥാപർ മുന്നറിയിപ്പ് നൽകി.
വന്യജീവികളെക്കുറിച്ചുള്ള 30ലധികം പുസ്തകങ്ങൾ രചിച്ചു. ഡോക്യുമെന്ററികൾ നിർമ്മിച്ചു. ബി.ബി.സിക്കുവേണ്ടി നിരവധി സിനിമകളുടെ സഹനിർമ്മാതാവായും അവതാരകനായും പ്രവർത്തിച്ചു. പ്രശസ്ത മാദ്ധ്യമ പ്രവർത്തകൻ റോമേഷ് ഥാപറിന്റെ മകനാണ്. ബോളിവുഡ് നടൻ ശശി കപൂറിന്റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ സഞ്ജന കപൂറാണ് ഭാര്യ. ഒരു മകനുണ്ട്. ചരിത്രകാരി റൊമീള ഥാപർ പിതൃസഹോദരിയാണ്. മാദ്ധ്യമപ്രവർത്തകൻ കരൺ ഥാപർ ബന്ധുവാണ്. നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |