
പനാജി: വടക്കൻ ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തിൽ 25 പേർ മരിച്ചതിന് പിന്നാലെ പുതിയ ഉത്തരവ് പുറത്തിറക്കി ജില്ലാ ഭരണകൂടം. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ളിൽ പടക്കങ്ങൾ, സ്പാർക്ലറുകൾ, കരിമരുന്ന് പ്രയോഗങ്ങൾ എന്നിവ നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നിരിക്കുന്നത്. മുൻകരുതൽ നടപടിയായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഡിസംബർ ആറിന് അർപോറയിലെ നിശാക്ളബിലാണ് തീപിടിത്തമുണ്ടായത്.
വിനോദസഞ്ചാര കേന്ദ്രങ്ങൾക്കുള്ളിൽ തീ, പുക എന്നിവ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗം, പൊട്ടിത്തെറിക്ക് കാരണമാകുന്ന വസ്തുക്കൾ, കത്തിക്കൽ തുടങ്ങിയവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വടക്കൻ ഗോവയിലുടനീളമുള്ള എല്ലാ നൈറ്റ്ക്ലബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, റിസോർട്ടുകൾ, ബീച്ച് ഷാക്കുകൾ, താത്ക്കാലിക കടകൾ, പരിപാടി നടക്കുന്ന സ്ഥലങ്ങൾ, വിനോദ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരോധനം ബാധകമാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. 'ബോളിവുഡ് ബാംഗർ നൈറ്റ്' ആഘോഷിക്കാനെത്തിയ ഏകദേശം 100 വിനോദസഞ്ചാരികളാണ് അപകടസമയത്ത് ഇവിടെ ഉണ്ടായിരുന്നത്. മരിച്ചവരിൽ കൂടുതൽ പേരും ക്ലബിലെ അടുക്കളയിൽ ജോലിക്കു നിന്ന ജീവനക്കാർ ആയിരുന്നുവെന്നാണ് വിവരം. ക്ലബ്ബിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ ഫയർ എഞ്ചിനുകൾക്ക് എത്തിച്ചേരാൻ സാധിച്ചില്ല. 400 മീറ്റർ അകലെ നിർത്തിയിട്ടതിനു ശേഷമാണ് ഫയർ എഞ്ചിനുകൾ രക്ഷാപ്രവർത്തനം നടത്തിയത്. മരിച്ചവരിൽ പലരും ശ്വാസംമുട്ടിയാണ് മരിച്ചതെന്നും മറ്റുള്ളവർക്ക് ഗുരുതരമായി പൊള്ളലേറ്റുവെന്നും അധികൃതർ അറിയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |